പി സി ജോര്‍ജ് എംഎല്‍എ ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചു



തിരുവനന്തപുരം > ഉച്ചഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് ക്യാന്റീന്‍ ജീവനക്കാരനെ പി സി ജോര്‍ജ് എംഎല്‍എയും പി എയും മര്‍ദിച്ചു. എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് നേതാജി റോഡ് തോപ്പുമുക്ക് സ്വദേശി എം എല്‍ മനു (22)വിനാണ് മര്‍ദനമേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി സി ജോര്‍ജ്, പിഎയായ സണ്ണി എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച എംഎല്‍എ ഹോസ്റ്റലില്‍ പി സി ജോര്‍ജിന്റെ മുറിയിലായിരുന്നു മര്‍ദനം. ജോര്‍ജും രണ്ട് സഹായികളും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പൊലീസിന് മൊഴിനല്‍കി. ഭക്ഷണവുമായി ചെന്നപ്പോള്‍ ജോര്‍ജ് തന്നെ ചീത്ത വിളിച്ചുവെന്നും 'നിസ്സാരകാര്യത്തിന് ചീത്തവിളിക്കുന്നതെന്തിനാ സാറേ' എന്ന് ചോദിച്ചതിന് മര്‍ദിക്കുകയായിരുന്നുവെന്നും മനു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അമ്മയെ ചീത്തപറഞ്ഞുകൊണ്ട് എംഎല്‍എ ആദ്യം തല്ലി, അതിനുശേഷം രണ്ട് സഹായികളും തല്ലിയെന്നും മനു പറഞ്ഞു. അടിയേറ്റ് മനുവിന്റെ ചുണ്ട് പൊട്ടി ചോരയൊലിച്ചു. ചൊവ്വാഴ്ച സ്പീക്കര്‍, നിയമസഭ സെക്രട്ടറി, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് മനു പറഞ്ഞു. പരാതി വ്യാജമാണെന്നും മനുവിനെ മര്‍ദിച്ചിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.   Read on deshabhimani.com

Related News