പി കൃഷ്‌ണപിള്ള ദിനം 
ആചരിക്കുക



തിരുവനന്തപുരം   പി കൃഷ്‌ണപിള്ള അനുസ്മരണദിനം 19ന് സമുചിതം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും ദിനാചരണം നടത്തണം. പി കൃഷ്‌ണപിള്ള വിട്ടുപിരിഞ്ഞിട്ട് 76 വർഷമായി. 1937ൽ കോഴിക്കോട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി, നെയ്‌ത്ത്‌ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ കൃഷ്‌ണപിള്ളയുടെ  പങ്ക് വലുതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയാണ്‌. ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ്‌ 1948 ആഗസ്റ്റ് 19നായിരുന്നു മരണം. പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിലാണ്  കൃഷ്‌ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. വയനാട്ടിലെ അപ്രതീക്ഷിത  ഉരുൾപൊട്ടൽ നേരിടാനും അതിന് ഇരയായവരെ പുനരധിവസിപ്പിക്കുവാനുമായി നാടാകെ കൈകോർക്കുകയാണ്. ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനങ്ങളും–ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. 
         സഹജീവികളെ കരുതാനുള്ള പ്രയത്നത്തിന് കരുത്തുപകരുംവിധം എല്ലാവരും രംഗത്തിറങ്ങണം. അതിജീവനപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ പി കൃഷ്‌ണപിള്ളയുടെ സ്‌മരണ എല്ലാ വെല്ലുവിളികളും നേരിടാൻ കരുത്തുപകരുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News