"സുരേന്ദ്രൻ വഞ്ചിച്ചു' വിങ്ങിപ്പൊട്ടി പി എം വേലായുധൻ



  കൊച്ചി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ വഞ്ചിച്ചെന്നും  ആദ്യകാല നേതാക്കളെ വൃദ്ധസദനത്തിലാക്കുകയാണെന്നും  ദേശീയ കൗൺസിൽ അംഗവും സംസ്ഥാന മുൻ ഉപാധ്യക്ഷനുമായ പി എം വേലായുധൻ പറഞ്ഞു.  സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനുപിന്നാലെയാണ്‌ പട്ടികജാതി മോർച്ച മുൻ സംസ്ഥാന അധ്യക്ഷൻകൂടിയായ പി എം വേലായുധൻ, സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയത്‌. ദളിത്‌ വിഭാഗത്തിൽപ്പെട്ട തന്നെ അവഗണിക്കുകയാണെന്നു പറഞ്ഞ വേലായുധൻ  മാധ്യമങ്ങൾക്കുമുന്നിൽ വിങ്ങിപ്പൊട്ടി.  എ പി  അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരുടെ വരവോടെ ബിജെപിയിൽ വന്നവെള്ളം നിന്നവെള്ളത്തെ കൊണ്ടുപോയ അവസ്ഥയാണെന്നും ‌–- പെരുമ്പാവൂരിലെ വസതിയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പിന്തുണച്ചിരുന്നു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായിരുന്ന എന്നെയും കെ പി ശ്രീശനെയും അതേ സ്ഥാനത്തു നിലനിർത്തുമെന്ന്‌ ഉറപ്പുനൽകിയിരുന്നു‌. എന്നാൽ, പ്രസിഡന്റായി എട്ടുമാസം കഴിഞ്ഞിട്ടും വാഗ്‌ദാനം പാലിച്ചില്ല. പരാതി പറയാൻ വിളിച്ചാൽ ഫോണെടുക്കില്ല. പി എസ്‌ ശ്രീധരൻപിള്ളയും സി കെ പത്മനാഭനും പി കെ കൃഷ്‌ണദാസും ഫോണെടുക്കും. പക്ഷേ, സുരേന്ദ്രൻ ഫോണെടുക്കില്ല.  എന്നെപ്പോലെ ഒട്ടേറെ നേതാക്കളും പ്രവർത്തകരും  വീട്ടിലിരിക്കുകയാണ്‌. നേതാക്കളുടെപോലും പരാതി  കേൾക്കാൻ തയ്യാറാകാത്ത സുരേന്ദ്രൻ എങ്ങനെ പ്രവർത്തകരുടെ പരാതി കേൾക്കും. കൂടുതൽ കാര്യങ്ങൾ പിന്നീട്‌ വെളിപ്പെടുത്തുമെന്നും വേലായുധൻ പറഞ്ഞു. Read on deshabhimani.com

Related News