പി പത്മരാജന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

പത്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാര ദാന ചടങ്ങിലെത്തിയ നടൻ ജയറാം പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയോടൊപ്പം വേദിയിലേക്ക് കയറിയപ്പോൾ


തിരുവനന്തപുരം > പി പത്മരാജൻ ട്രസ്റ്റ്‌ എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന്‌ സംഘടിപ്പിച്ച പത്മരാജൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരം 'ആട്ട'ത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷിക്ക് നടൻ ജയറാം സമ്മാനിച്ചു. മികച്ച നോവലിസ്റ്റ് ജി ആർ ഇന്ദുഗോപൻ (ആനോ), ചെറുകഥാകൃത്ത് ഉണ്ണി ആർ (അഭിജ്ഞാനം), നവാഗത എഴുത്തുകാരനുള്ള 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡ് എം പി ലിപിൻരാജ് (മാർഗരീറ്റ) എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. ആട്ടം സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ എഡിറ്റർ മഹേഷ് ഭുവനേന്ദി, നായിക സറിൻ ഷിഹാബ് എന്നിവരെയും ആദരിച്ചു. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, ട്രസ്റ്റ് ചെയർമാൻ വിജയ കൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, എഴുത്തുകാരൻ വി ജെ ജെയിംസ്, ബൈജുചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ്‌ പുറത്തിറക്കിയ പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന പുസ്‌തകം ജയറാം സംവിധായകൻ ആനന്ദ്‌ ഏകർഷിക്ക്‌ നൽകി പ്രകാശിപ്പിച്ചു. ഗുരുത്വമാണ്‌ ജീവിതത്തിൽ ഇന്നും തന്നെ മുന്നോട്ടു നയിക്കുന്ന ശക്തിയെന്ന്‌ ചടങ്ങിൽ ജയറാം പറഞ്ഞു. ആദ്യമായി മേക്കപ്പിട്ട തന്ന മോഹൻദാസിനെയും പത്മരാജനെയും നിർമാതാവ്‌ ഹരി പോത്തനെയും ആബേലച്ചനെയും സ്‌മരിച്ചാണ്‌ ഇന്നും അഭിനയം തുടങ്ങുന്നത്‌. ഗുരുക്കന്മാർ കഴിഞ്ഞേ തനിക്ക്‌ ദൈവം പോലും ഉള്ളൂ. പത്മരാജന്റെ പേരിലുള്ള ഈ പുരസ്‌കാരം ദേശീയ അവാർഡിനെക്കാൾ മുകളിലാണെന്നും കാലം കഴിയുന്തോറും ഇതിന്റെ വീര്യം കൂടുമെന്നും ജയറാം പറഞ്ഞു. Read on deshabhimani.com

Related News