ഒളിമ്പിക്‌സ് മെഡലുമായി ഇതിഹാസം ; ആവേശനിറവിൽ സ്‌നേഹാദരം
കൊച്ചി ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസം പി ആർ ശ്രീജേഷ് പൊൻതിളക്കമുള്ള ആ വെങ്കലമെഡൽ വാനിലേക്ക് ഉയർത്തി. ആരാധകർ ത്രസിച്ചു. ആവേശം തുടിച്ചു. കൊച്ചി വിമാനത്താവളംമുതൽ ജന്മനാടുവരെ നീണ്ട സ്വീകരണം ലോക കായികവേദിയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കേരളത്തിന്റെ സ്വന്തം ശ്രീജേഷിനുള്ള സ്‌നേഹാദരമായി. ഉച്ചയോടെയാണ് ശ്രീജേഷ് കുടുംബാംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലിറങ്ങിയത്. മണിക്കൂറുകൾക്കുമുമ്പേ പ്രിയതാരത്തെ സ്വീകരിക്കാൻ കളിക്കാരും കായികസംഘടനാ പ്രതിനിധികളും സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവരും നാട്ടുകാരുമെത്തിയിരുന്നു. സ്വീകരണങ്ങൾക്ക് ഒടുവിൽ ഒളിമ്പിക്‌സ് മെഡലുമായി വീട്ടിലേക്ക് കയറിയത് കുടുംബാംഗങ്ങളെ ചേർത്തുപിടിച്ചായിരുന്നു. മക്കളായ അനുശ്രീഷും ശ്രീഅൻഷും മെഡലിൽ ഉമ്മവച്ചു. ഭാര്യ ഡോ. അനീഷ്യയുടെയും മാതാപിതാക്കളായ ഉഷകുമാരിയുടെയും രവീന്ദ്രന്റെയും പരിശീലകൻ ജയകുമാറിന്റെയും മുഖത്ത് അഭിമാനം നിറഞ്ഞു. ‘എനിക്ക് ആകെ അറിയാവുന്നത് ഹോക്കിയാണ്. കളി തുടങ്ങുമ്പോൾ ഒളിമ്പിക്‌സൊന്നും അല്ലായിരുന്നു മനസ്സിൽ. ജോലി നേടണമെന്നായിരുന്നു. ജോലി ലഭിച്ചപ്പോൾ സ്ഥാനക്കയറ്റം വേണമെന്നായി. പിന്നീട് ഹോക്കി അഭിനിവേശമായി. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടാകുക എന്നതാണ് പ്രധാനം. രണ്ട് ഒളിമ്പിക്‌സ് മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സർക്കാരിനും കായികസംഘടനകൾക്കും ആരാധകർക്കും നാട്ടുകാർക്കും നന്ദി’– -ശ്രീജേഷ് പറഞ്ഞു. യുസി കോളേജ് മാനേജർ ഇൻ ചാർജ് കുര്യാച്ചൻ, പ്രിൻസിപ്പൽ ഇൻ ചാർജ് എൽനോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രീജേഷിന്റെ കലാലയമായ യുസി കോളേജിൽ സ്വീകരിച്ചത്. പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. ജന്മനാടായ കിഴക്കമ്പലത്തെ സ്വീകരണത്തിൽ ജേക്കബ് സി മാത്യു, സിന്ധു ജോസഫ്, സുധീഷ് പോൾ, ജിബി പോൾ, സി ജി ബാബു, സണ്ണി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. അർഹമായ പരിഗണന നൽകും രാജ്യത്തിന്റെ അഭിമാനമാണ് പി ആർ ശ്രീജേഷെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന വിജയങ്ങളാണ് സമ്മാനിച്ചത്. ശ്രീജേഷിന് അർഹമായ എല്ലാ പരിഗണനയും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളും മന്ത്രി അറിയിച്ചു. Read on deshabhimani.com