മൈക്രോസോഫ്‌റ്റ്‌ തകരാർ ബാധിക്കാതെ കേരളം; അടിത്തറയായത് 
എൽഡിഎഫ് ഐടി നയം



തിരുവനന്തപുരം കേരളം രാജ്യത്തിന്‌ മുന്നേ സഞ്ചരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്‌ മൈക്രോസോഫ്‌റ്റ്‌ തകരാർ കേരളത്തെ ബാധിക്കാതിരുന്നതെന്ന്‌ മന്ത്രി പി രാജീവ്‌. ലോകമാകെ സർക്കാർ ഓഫീസുകളടക്കം നിശ്ചലമാകുകയും വിമാനങ്ങളുൾപ്പെടെ റദ്ദാവുകയും ചെയ്ത പ്രശ്നം കേരളത്തിന്റെ പൊതുമേഖലയെ ബാധിച്ചിട്ടില്ല. സ്വതന്ത്ര സോഫ്റ്റ്‌‌വെയറായ ഉബുണ്ടുവാണ്‌  കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. സർക്കാർ ഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെ അടിസ്ഥാനം സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്‌. 2007ൽ  എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ഐടി നയമാണ്‌  ഈ മാറ്റത്തിന്‌ അടിത്തറ പാകിയത്‌. 2008ലെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ  സ്വതന്ത്ര സോഫ്റ്റ്‌‌വെയർ ഉപയോഗിച്ച് നടത്തിയത് വലിയ മുന്നേറ്റത്തിന്റെ ആദ്യപടിയായിരുന്നു. ആ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ മൂന്ന്‌ വർഷത്തെ കർമ പദ്ധതിയിലൂടെ ഘട്ടംഘട്ടമായി സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കൊണ്ടുവന്ന മാറ്റം ഇപ്പോൾ നമുക്ക്‌ കൈത്താങ്ങായി. ഡിജിറ്റൽ വേർതിരിവുണ്ടാകരുതെന്ന എൽഡിഎഫ്‌ നയം സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് കെ-ഫോൺ വരെയെത്തി നിൽക്കുകയാണെന്നും പി രാജീവ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.   Read on deshabhimani.com

Related News