വ്യവസായ സൗഹൃദ അന്തരീക്ഷം ; കേരളം ആഗോള ബ്രാൻഡുകളുടെ ഇഷ്‌ട ഇടമാകുന്നു: പി രാജീവ്‌

ആ​ഗോള ബ്രാൻഡ് സൊകോവ കേരളത്തിൽ പുറത്തിറക്കുന്ന ‘മുട്ടാസ്’ അറബിക് ചോക്ലേറ്റിന്റെ ലോഞ്ചിങ് വേദിയിൽ ഉദ്‌ഘാടകനായ മന്ത്രി പി രാജീവിന്‌ വികെ പ്രശാന്ത്‌ എംഎൽഎ ചോക്ലേറ്റ് നൽകുന്നു


തിരുവനന്തപുരം വ്യവസായ സൗഹൃദ അന്തരീക്ഷം അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ കേരളത്തിലേക്ക്‌ എത്തിക്കുന്നുവെന്ന്‌ മന്ത്രി പി രാജീവ്‌. ‘ഒരു വർഷം ഒരു ലക്ഷം’ പുതിയ സംരംഭം എന്ന ലക്ഷ്യത്തിലാണ്‌ വ്യവസായ വകുപ്പ്‌ പ്രവർത്തിച്ചത്‌. എന്നാൽ രണ്ടര വർഷത്തിൽ 3,25,000 സംരംഭം സംസ്ഥാനത്ത്‌ ആരംഭിച്ചു. അതിൽ 1,08,000 സംരംഭം സ്‌ത്രീകളുടേതാണ്‌. ദുബായ് ആസ്ഥാനമായ ആ​ഗോള ബ്രാൻഡ് സൊകോവ കേരളത്തിൽ പുറത്തിറക്കുന്ന ‘മുട്ടാസ്’ അറബിക് ചോക്ലേറ്റിന്റെ ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തേക്ക്‌ നിരവധി സ്ഥാപനങ്ങളെത്തുന്നുണ്ട്‌. ഐബിഎം, ട്രസ്ന തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ ഇവയിൽ ചിലതാണ്‌. എന്നാൽ ഇതൊന്നും പലരും അറിയുന്നില്ല. വ്യവസായങ്ങൾക്കുള്ള അനുകൂല സാഹചര്യം ഒരുക്കുന്നതിൽ കേരളത്തിന്‌ ഒന്നാമതെത്താനായെന്നും അദ്ദേഹം പറഞ്ഞു. കാട്ടാൽ ഇൻ‍ഡസ്ട്രിയൽ‌ ഡെവലപ്‌മെന്റ് കൗൺസിലിന്റെ നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത സൊകോവയുടെ സ്ഥാപകരായ ഷീബയും എം എസ് ബൈജുവുമാണ് കേരളത്തിലേക്ക്‌ ലോകപ്രശസ്ത പിസ്താഷ്യോ കുനാഫ ചോക്ലേറ്റ്‌ ബാർ എത്തിക്കുന്നത്‌. ഈ അറേബ്യൻരുചി സമൂഹമാധ്യമങ്ങളിലും ഹിറ്റാണ്‌. ഖ്വവ, ഹൽവ, ബക്-ലാവ എന്നീ ഫ്ലേവറുകളും കേരളത്തിന്റെ വിപണിയിലെത്തിക്കുമെന്ന് ഷീബ ബൈജു പറഞ്ഞു. ഇതിനൊപ്പം മുപ്പതിലധികം ഫ്ലേവറുകളും ഡയബെറ്റിക് രോഗികൾക്കായി ഡാർക്ക് ചോക്ലേറ്റും വിപണിയിലെത്തിക്കും. ഒരുവർഷത്തിനകം കാട്ടാക്കടയിൽ ചോക്ലേറ്റ് മ്യൂസിയവും സജ്ജമാക്കും. മുട്ടാസ് അറബിക് ചോക്ലേറ്റിന്റെ പാക്കിങ്‌, മാർക്കറ്റിങ്‌, വിതരണം എന്നിവയാണ് കാട്ടാക്കടയിൽ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 50 പേർക്ക്‌ തൊഴിൽ ലഭ്യമാകും. ചടങ്ങിൽ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ മന്ത്രിയിൽനിന്ന്‌ ചോക്ലേറ്റ്‌ ഏറ്റുവാങ്ങി. Read on deshabhimani.com

Related News