സതീശന് ബിജെപിയോട് മൃദുസമീപനം, പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെ: പി സരിൻ
പാലക്കാട് > പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പി സരിൻ. വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണെന്ന് സരിൻ ആരോപിച്ചു. കോൺഗ്രസിനെ സതീശൻ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സരിൻ പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു സരിൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ബിജെപിയോട് മൃദുസമീപനമാണ് വി ഡി സതീശന്. സിപിഐ എം വിരുദ്ധത അടിച്ചേൽപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്.വി ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ്. സാധാരണ പ്രവർത്തകരെ നേതൃത്വം പറഞ്ഞു പറ്റിക്കുന്നു. സ്ഥാനാർഥിത്വത്തിൽ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ചർച്ച ചെയ്യണം. കോൺഗ്രസിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫോറം ഇല്ല, മറ്റ് അവസരങ്ങളും ഇല്ല. പാർടിയിൽ പരാതി ഉന്നയിക്കാൻ മാർഗമില്ല. കോൺഗ്രസിന്റെ സംഘടനാ സംവിധാനം തകർന്നു. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം സതീശനാണ്. താൻ പോരിമയും ധിക്കാരവും ധാർഷ്ട്യവും മാത്രമാണ് വി ഡി സതീശന്. മറ്റ് പ്രവർത്തകരോട് ബഹുമാനത്തോടെയല്ല പ്രതിപക്ഷനേതാവ് പെരുമാറുന്നത്. രാജാവിനെപ്പോലെയാണ് സതീശന്റെ പെരുമാറ്റം. താനാണ് എല്ലാമെന്നാണ് സതീശന്റെ ധാരണ. സതീശൻ പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും ആ കഥ അന്വേഷിക്കണമെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോന്നുന്നത് പോലെ കാര്യങ്ങൾ നടക്കുന്ന പാർടിയാണ് കോൺഗ്രസ്. 2026ൽ കോൺഗ്രസ് പച്ച തൊടില്ല. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് സതീശൻ വിളിച്ചുവരുത്തിയതാണ്. സതീശന്റെ നീക്കമാണ് ഉപതെരഞ്ഞെടുപ്പിന് വഴി വെച്ചത്. ബിജെപിയെ സഹായിക്കാനാണ് വടകരയിൽ ഷാഫിയെ സ്ഥാനാർഥിയാക്കിയത്. സതീശന്റെ അട്ടിമറിയാണ് വടകരയിൽ നടന്നത്. കോൺഗ്രസിൽ തീരുമാനമെടുക്കുന്നത് മൂന്നംഗ സംഘമാണ്. രാഹുൽ മാങ്കൂട്ടത്തിൽ കുട്ടി സതീശനാണെന്നും സരിൻ പറഞ്ഞു. Read on deshabhimani.com