അൻവറിന്റെ കടന്നാക്രമണം ആസൂത്രിതം ; സമീപനാളുകളിലെ ഇടപെടലുകൾ 
 തെളിവ്‌



തിരുവനന്തപുരം പി വി അൻവറിന്റെ കടന്നാക്രമണം ആസൂത്രിതമാണെന്നതിന്‌ സമീപനാളുകളിലെ ഇടപെടൽതന്നെ തെളിവ്‌. പൊലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ ശശിധരനെതിരെ വിമർശനം ഉന്നയിച്ച്‌ ആഗസ്ത്‌ 20 ന്‌ ആണ്‌ അൻവർ ആദ്യം രംഗത്തെത്തിയത്‌.  ജനങ്ങളെ പൊലീസ് ദ്രോഹിക്കുന്നു,  പെറ്റികേസുകൾ കൂട്ടാൻ ക്വാട്ട തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. അതൃപ്തനായ ശശിധരൻ  ഒറ്റവാക്കിൽ മറുപടിയൊതുക്കി വേദി വിട്ടു.  എസ്‌പിയുടെ ക്യാമ്പ് ഓഫീസിലെ തേക്ക് മുറിച്ച് ഫർണ്ണിച്ചറുകൾ നിർമ്മിച്ചൂവെന്നതായി അടുത്തത്‌. ക്യാമ്പ് ഓഫീസിലെത്തി മരങ്ങൾ നേരിൽ കാണാൻ ശ്രമിച്ചു, നടന്നില്ല. മരംമുറി കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണം,  എസ്‌പിക്കെതിരെ നടപടിയെടുക്കണം തുടങ്ങിയവ ആവശ്യപ്പെട്ട്‌ അടുത്ത ദിവസം മലപ്പുറം എസ്‌പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരം നടത്തി.  തുടർന്ന്‌ സുജിത്ത് ദാസുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടു. എം ആർ അജിത്ത് കുമാറിനും സുജിത്ത് ദാസിനും എതിരെ രൂക്ഷ വിമർശനമായി.  "അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്, റോൾമോഡൽ ദാവൂദ്‌ ഇബ്രാഹിം, പി ശശി പരാജയം, മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കാൻ വയ്യ. ' എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ. പിന്നീട്‌  തോക്ക്‌ ലൈസൻസിനായി അൻവർ മലപ്പുറം കലക്ടർക്ക്‌ അപേക്ഷ നൽകി. കവടിയാറിൽ രമ്യഹർമ്യം നിർമിക്കുന്നുവെന്നടക്കം എഡിജിപിക്കെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ചു. ഇതിനിടെ, പൊലീസ്‌ അസോ. സമ്മേളനത്തിൽ  പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.  പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന്‌  നിർദേശിച്ചു. സുജിത്ത് ദാസിനെ സസ്‌പെൻഡ്‌ ചെയ്തു. ഇങ്ങനെ അന്വേഷണവും ആവശ്യമായ കാര്യങ്ങളും സർക്കാർ നടപടിക്രമങ്ങൾ അനുസരിച്ച്‌ നടന്നുവരുന്നുണ്ട്‌. ഇതിനിടയിലെല്ലാം ആസൂത്രിതമായി  പ്രകോപനം സൃഷ്ടിക്കുകയും  പാർടിയെയും സർക്കാരിനെയും പ്രതികരണത്തിന് നിർബന്ധിതമാക്കുകയായിരുന്നു അൻവർ. ആരോപണങ്ങൾ ഉന്നയിച്ച്‌ കൃത്യമായി പദ്ധതിയിടുക, തനിക്ക്‌ കിട്ടുന്ന മാധ്യമ ശ്രദ്ധ പാർട്ടിക്കെതിരെ തിരിച്ചുവിടുക.  പി ശശിയെ പലതവണ അപകീർത്തിപ്പെടുത്തി, എന്തിനെന്ന വിശദീകരണമില്ല. സംശയത്തിന്റെ പുകമറയിൽ നിർത്തി പാർടിയേയും സർക്കാരിനേയും അധിക്ഷേപിക്കലാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തം. പാടിപ്പഴകിയ കഥകൾ ‘തീ’യാക്കി മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ചും വെല്ലുവിളിച്ചും  ആരോപണങ്ങളുന്നയിച്ച പി വി അൻവറിനെ ‘തീ’യാക്കാൻ പെടാപ്പാടുപെട്ട്‌ മാധ്യമങ്ങൾ. എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുമ്പും കൊട്ടിഘോഷിച്ച അനവധി വ്യാജ ആരോപണങ്ങളുടെ കഥകളും അതെല്ലാം എവിടെയെത്തിയെന്ന വസ്‌തുതയും മറന്നാണ്‌ പുതിയ ആഘോഷം. വയനാട്‌ ദുരന്തത്തിൽ കേന്ദ്രസഹായത്തിനുള്ള മെമ്മോറാണ്ടത്തിലെ എസ്‌റ്റിമേറ്റിനെ ചെലവ്‌ ആക്കി ആഘോഷിച്ച്‌ നാണംകെട്ടതിന്റെ ജാള്യം തീർക്കാനും അവസരം ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ വാസ്‌തവങ്ങളെയോ മുന്നണിയുടെ ഭാഗം എന്ന നിലയിൽ പാലിക്കേണ്ട പാർലമെന്ററി മര്യാദയേയോക്കുറിച്ച്‌ ഒരു ചോദ്യവുമില്ലാതെ എൽഡിഎഫിനെ കൊട്ടാനുള്ള അവസരമായി ഇതിനെയും ആഘോഷിച്ചു. സ്വർണക്കടത്ത് കേസ് പ്രതിയുമായി നടത്തിയ സംഭാഷണത്തിലെ വെളിപ്പെടുത്തലിലെ പൊള്ളത്തരത്തെക്കുറിച്ച്‌ മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ കണക്കുകൾ സഹിതം വിശദീകരിച്ചിരുന്നു. ആ ഇന്റർവ്യൂ സംപ്രേഷണം ചെയ്‌ത മാധ്യമത്തെ ഉദ്ദേശിച്ച്‌ ‘കുറ്റവാളികളെ മഹത്വവൽകരിക്കരുത്‌’ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വ്യക്തമായി പറഞ്ഞ ഇക്കാര്യമടക്കം തെറ്റിദ്ധാരണ പരത്തുംവിധമാണ്‌ അൻവർ വ്യാഖ്യാനിച്ചത്‌. ഈ വസ്‌തുതകൾ ഒരുമാധ്യമവും മിണ്ടുന്നില്ല. അൻവർ നൽകിയ പരാതികളിൽ സർക്കാർ പാലിക്കേണ്ട നടപടിക്രമങ്ങളനുസരിച്ച്‌ അന്വേഷണം നടക്കുകയാണ്‌. ഡിജിപിതന്നെ അതിനു നേതൃത്വവും നൽകുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മുൻവിധിയൊന്നുമില്ലാതെ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്‌. കഴിഞ്ഞ എട്ടുവർഷമായി കേരളത്തിലെ ഏതെങ്കിലും പൊലീസ്‌ കേസിൽ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഇടപെട്ട്‌ സ്വാധീനിച്ചുവെന്നോ പ്രതികളെ സംരക്ഷിച്ചുവെന്നോ തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. കേന്ദ്ര ഏജൻസികളടക്കം കിണഞ്ഞു പരിശ്രമിച്ചിരുന്നു. അൻവർതന്നെ സാക്ഷ്യപ്പെടുത്തുന്നത്‌ ‘സ്വജനപക്ഷപാതം ഇല്ലാതായി’ എന്നാണ്‌. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന്‌ തെറ്റായ കാര്യങ്ങളുണ്ടായ കേസുകളിലെല്ലാം ഒട്ടും വൈകാതെ സർക്കാർ നടപടിയുമെടുത്തു. സ്വർണവും ഹവാല പണവും കടത്തുന്നവരെ ശക്തമായി നേരിടുകയെന്നത്‌ സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാടാണ്‌. അവയൊന്നും പൊലീസ്‌ നോക്കണ്ടയെന്ന്‌ ആരെങ്കിലും പറഞ്ഞാൽ സ്വീകരിക്കാനുള്ള ബാധ്യതയും സർക്കാരിനില്ല. Read on deshabhimani.com

Related News