അന്വേഷണം മുന്നോട്ട്, എന്നിട്ടും എന്തിനാണിത്ര ധൃതി
തിരുവനന്തപുരം പി വി അൻവർ ഉയർത്തിയ എല്ലാ ആരോപണങ്ങളിലും സർക്കാർ നടത്തുന്നത് ശരിയായ അന്വേഷണം. സംസ്ഥാനത്തെ ഏറ്റവും ഉന്നത പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഫലമെന്താണെന്നറിയാൻ പോലും കാത്തുനിൽക്കാതെയാണ് അൻവർ ശത്രുപക്ഷത്തിന്റെ നാവായത്. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലെല്ലാം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുകയും ചെയ്‌തു. എഡിജിപി അജിത്കുമാറിനെതിരെ പറഞ്ഞ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്നതിലടക്കം ഡിജിപി അന്വേഷണം നടത്തുകയാണ്. ആവശ്യമുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണത്തിനും സർക്കാർ തയ്യാറായി. നീതിപൂർവമായ അന്വേഷണത്തിനുള്ള സമയംപോലും നൽകില്ലെന്ന വാശി ഒരു ജനപ്രതിനിധി ഉന്നയിക്കുന്നതിന് പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. റിപ്പോർട്ട് വരുന്നതോ അന്വേഷണം പൂർത്തിയാക്കുന്നതോ ബാധകമല്ലെന്ന മട്ടിലായിരുന്നു അൻവറിന്റെ പ്രതികരണം. എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന ആവശ്യമായിരുന്നു കഴിഞ്ഞദിവസം വരെ ഉന്നയിച്ചത്. എന്നാൽ എം ആർ അജിത്‌കുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന പുതിയ ആവശ്യമാണ് വെള്ളിയാഴ്‌ച വാർത്താസമ്മേളനത്തിൽ ഉയർത്തിയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഒരാൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ നടപടിക്രമം എന്താണെന്ന് പോലും മറച്ചുവച്ചുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ അൻവറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. Read on deshabhimani.com