വിലങ്ങാട് ദുരന്തം: സമഗ്രമായ പുനരധിവാസം നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്> ഉരുൾപൊട്ടി ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.   "വിലങ്ങാട് ദുരന്തം ഗൗരവത്തിൽ കാണുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവിടെ സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും. അതുവരെ വാടക വീട് ഉൾപ്പെടെയുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. വീടുകൾക്ക് സംഭവിച്ച കൃത്യമായ നാശനഷ്ടം, എത്ര വീടുകൾ വാസയോഗ്യമല്ലാതായി എന്നതിന്റെ കണക്ക് ആ​ഗസ്ത് 17ന് മുമ്പ് നൽകാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് നാല് ഗ്രാമപഞ്ചായത്തുകളിലെ പുഴകളിൽ കല്ലുകളും മരങ്ങളും അടിഞ്ഞത് നീക്കം ചെയ്യാനും കളക്ടർക്ക് നിർദേശം നൽകി." - മന്ത്രി റിയാസ് വ്യക്തമാക്കി. ജില്ലാ കളക്ടറുടെ വിശദമായ അന്തിമ റിപ്പോർട്ടിനായി കാക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട്‌ ആണ് പ്രധാനമായും വിലങ്ങാടിനായി ഉദ്ദേശിക്കുന്നത്. പക്ഷേ അതിലുപരിയായി  ഗൗരവമായി കാണേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News