നെല്ല് സംഭരണ കുടിശിക സമയ ബന്ധിതമായി വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ



തിരുവനന്തപുരം > കേന്ദ്ര സർക്കാരിൽനിന്ന് അർഹമായ തുക അനുവദിക്കാത്ത സാഹചര്യത്തിലും കേരളത്തിലെ നെൽകർഷകർക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കുകയാണെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണത്തിന്റെ കേരളത്തിലെ നിർവഹണ ഏജൻസിയായ സപ്ലൈകോയുടെ മുൻവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമാണ് കേന്ദ്രസർക്കാർ അന്തിമമായി താങ്ങുവിലയുടെ ക്ലയിം തീർപ്പാക്കുന്നത്. സംഭരണവിലയുടെ ഒരു ഘടകമായ വേരിയബിൾ കോസ്റ്റിന്റെ 5 ശതമാനം മാത്രം ഇത്തരത്തിൽ തടഞ്ഞുവയ്ക്കുകയും ബാക്കി തുക അനുവദിക്കുകയുമാണ് വികേന്ദ്രീകൃത ധാന്യസംഭരണപദ്ധതി പ്രകാരം ചെയ്യേണ്ടിയിരുന്നത്. കേന്ദ്രം നൽകേണ്ട മൊത്തം തുകയുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ഈ ഘടകം. കേരളത്തിന് നൽകാനുള്ള തുകയിൽ 2018-19 മുതൽ 2023-24 വരെയുള്ള കാലയളവിൽ തടഞ്ഞുവച്ചിരിക്കുന്ന 647 കോടി രൂപയിൽ 84.12 കോടി രൂപ മാത്രമെ ഈ വിധത്തിൽ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാൽ ക്ലയിം അന്തിമമായി തീർപ്പാക്കപ്പെടാത്തതു കാരണം ലഭിക്കാതിരിക്കുന്നത്. 1600 ൽ അധികം ചില്ലറവില്പനശാലകളുടെ ശൃംഖലയുള്ള സപ്ലൈകോയുടെ ഓഡിറ്റ് സമ്പൂർണ്ണമാക്കുക എന്നത് ക്ലേശകരമാണെങ്കിലും അതിനുള്ള തീവ്രയത്‌നം നടന്നുവരികയാണെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോ ഗ്യാരന്റി നിന്ന് പൊതുമേഖലാബാങ്കുകളിൽ നിന്നും പിആർഎസ് വായ്പയായി സംസ്ഥാനത്തെ കർഷകർക്ക് നൽകിയിട്ടുണ്ട്. കർഷകർക്ക് സാമ്പത്തികബാധ്യത വരാതെ കാലാകാലങ്ങളിൽ തിരിച്ചടവ് നടത്തുന്നതുമായ തുക കേന്ദ്ര സർക്കാർ അനുവദിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ടൈഡ് ഓവർ വിഹിതമായി ലഭിക്കുന്ന അരി കേന്ദ്രം നിശ്ചയിച്ച പ്രതിമാസപരിധി മറികടന്നുകൊണ്ട് ഓണം പോലുള്ള ഉത്സവവേളകളിൽ നടത്തിയ അരി വിതരണം, മുൻഗണനേതര വിഭാഗങ്ങൾക്ക് നല്കിയ സബ്‌സിഡി അരി വിതരണം എന്നിവയുടെ പേരിൽ വെട്ടിക്കുറച്ചു. എന്നാൽ ഇത്തരം നടപടികൾ മൂലമുണ്ടാകുന്ന പ്രയാസങ്ങൾ കർഷകരെ ബാധിക്കാതിരിക്കാൻ എല്ലാ  ശ്രമങ്ങളും കേരള സർക്കാർ നടത്തുന്നുണ്ട്. മുൻവർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തുതീർത്തു. 2023-24 സംഭരണവർഷത്തെ രണ്ടാം വിളയിൽ 1,98,755 കർഷകരിൽ നിന്നായി സംഭരിച്ച 5.59 ലക്ഷം മെട്രിക് ടണ്ണിന്റെ വിലയായ 1584.11 കോടി രൂപയിൽ ഇനി 3486 കർഷകർക്കായി 25.64 കോടി രൂപ മാത്രമാണ് ഇനി നൽകാനുള്ളത്. ഇതിനായി സംസ്ഥാന സർക്കാർ 50 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ തുക വിതരണം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News