പാലക്കാട്‌ ബിജെപിയിൽ കലാപം പടരുന്നു ; 11 പേർ നഗരസഭാ കൗൺസിൽ 
യോഗം ബഹിഷ്‌കരിച്ചു



പാലക്കാട് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ നഗരസഭാ കൗൺസിൽ യോഗം ബിജെപിയിലെ ഔദ്യോഗിക വിഭാഗം ബഹിഷ്‌കരിച്ചു.  സ്ഥാനാർഥിയായിരുന്ന സി കൃഷ്‌ണകുമാറിനെയും കെ സുരേന്ദ്രനെയും അനുകൂലിക്കുന്ന 11 കൗൺസിലർമാരാണ്‌ യോഗത്തിൽ നിന്ന്‌ വിട്ടുനിന്നത്‌.     സ്ഥാനാർഥി നിർണയത്തിൽ തുടക്കംമുതലേ പാലക്കാട്‌ ബിജെപിയിൽ ചേരിതിരിവ് രൂക്ഷമായിരുന്നു. നഗരസഭയിലെ  17 കൗൺസിലർമാർ   സ്ഥാനാർഥിക്കെതിരെ കരുക്കൾ നീക്കിയെന്നും അതാണ്‌ വോട്ട്‌ കുത്തനെകുറയാൻ കാരണമെന്നും പരക്കെ ആക്ഷേപമുയർന്നിരുന്നു.  കൃഷ്‌ണകുമാറിനെ സ്ഥാനാർഥിയാക്കിയതാണ്‌ വോട്ടുകുറയാൻ കാരണമെന്ന്‌ തുറന്നടിച്ച്‌  നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ തന്നെ  കഴിഞ്ഞദിവസം  രംഗത്തെത്തി. കൗൺസിലറും ദേശീയസമിതി അംഗവുമായ എൻ ശിവരാജൻ പിന്തുണക്കുകയും ചെയ്‌തു. ഇതിൽ പ്രതിഷേധിച്ചാണ്‌ സ്ഥാനാർഥിയായിരുന്ന സി കൃഷ്‌ണകുമാറിന്റെ ഭാര്യ മിനി കൃഷ്‌ണകുമാർ ഉൾപ്പെടെയുള്ളവർ കൗൺസിൽ യോഗത്തിൽനിന്ന്‌ വിട്ടുനിന്നത്‌. നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനമാണ്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ട്‌ കുറയാൻ കാരണമെന്ന്‌ പാലക്കാട്‌ ജില്ലയുടെ ചുമതലയുള്ള ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി രഘുനാഥ്‌ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയം ചർച്ച ചെയ്യരുതെന്ന് ചെയർപേഴ്സൺ പറഞ്ഞതോടെ യോഗത്തിൽ ബഹളം തുടങ്ങി. ബിജെപി വോട്ടുമറിച്ചെന്ന്‌ കോൺഗ്രസും കോൺഗ്രസ് വോട്ടുമറിച്ചെന്ന്‌ ബിജെപിയും ആരോപിച്ചു. Read on deshabhimani.com

Related News