പൊലീസ് റിപ്പോർട്ട്; റെയ്‌ഡ്‌ ശരി



പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പാലക്കാട്‌ നിയമസഭാ മണ്ഡലത്തിലേക്ക്‌  കള്ളപ്പണം കൊണ്ടുവന്നെന്ന്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കെപിഎം റീജൻസി ഹോട്ടലിൽ റെയ്‌ഡ്‌ നടത്തിയതെന്ന്‌ പൊലീസ്‌ റിപ്പോർട്ട്‌. പരിശോധന നിയമാനുസൃതമായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ  റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം കൊണ്ടുവന്നിട്ടുണ്ടെന്ന്‌  വിവരംകിട്ടിയാൽ പൊലീസ്‌ ആദ്യം ആ സ്ഥലത്തെത്തും.  വൈകിയാൽ പണം മാറ്റും. ചൊവ്വാഴ്‌ച  റെയ്ഡ് നടത്തിയപ്പോൾ എല്ലാ നടപടിക്രമവും പാലിച്ചിരുന്നു. റെയ്‌ഡിന്‌ ആദ്യം വനിതാ പൊലീസ്‌ ഉണ്ടായിരുന്നില്ല. കോൺഗ്രസ്‌ നേതാവ്‌ ബിന്ദു കൃഷ്‌ണയുടെ മുറി പരിശോധിച്ചത്‌ വനിതാ പൊലീസ്‌ ഇല്ലാതെയാണ്‌. അപ്പോൾ അവർ എതിർപ്പ്‌ അറിയിച്ചില്ല. കൂടെ ഭർത്താവുണ്ടായിരുന്നു. ഷാനിമോൾ ഉസ്‌മാന്റെ മുറി പരിശോധിച്ചത്‌ വനിതാ പൊലീസ്‌ എത്തിയശേഷമാണ്‌. പരിശോധന തുടങ്ങിയശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്‌. ഹോട്ടലിൽനിന്ന്‌ പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ്‌ ഡിസ്‌ക്‌ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ടെന്നും സൗത്ത്‌ പൊലീസ്‌ അറിയിച്ചു. ചൊവ്വ രാത്രി 11. 30 മുതലാണ്‌  പരിശോധന തുടങ്ങിയത്‌. ഹോട്ടലിൽ ചൊവ്വ രാത്രി 10. 59ന്‌ നീല ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന്‌ ബുധനാഴ്ചതന്നെ ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ്‌ വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News