ആഭ്യന്തര കലഹം, കുഴൽപ്പണം ; കലങ്ങിമറിഞ്ഞ്‌
 കോൺഗ്രസും ബിജെപിയും



തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിൽ അനായാസമായി കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാമെന്ന്‌ കരുതിയ കോൺഗ്രസും ബിജെപിയും പുതിയ പൊട്ടിത്തെറികളുടെ സാഹചര്യത്തിൽ കലങ്ങി മറിയുന്നു. എൽഡിഎഫിനെതിരായ തെരഞ്ഞെടുപ്പ്‌ അജണ്ട നിശ്ചയിക്കാമെന്ന്‌ കരുതി കാത്തിരുന്ന ചില മുഖ്യധാരാ മാധ്യമങ്ങളും ഇതോടെ നിരാശരായി. പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്‌ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‌ കോൺഗ്രസ്‌ കണക്കുകൂട്ടിയിരുന്നെങ്കിലും ഇത്ര രൂക്ഷമാകുമെന്നോ ഇത്രയധികം നേതാക്കൾ പാർടി വിടുമെന്നോ കരുതിയില്ല. കേവലം സ്ഥാനത്തിന്റെയോ വ്യക്തി താൽപര്യത്തിന്റെയോ പ്രശ്നമല്ല, മറിച്ച്‌ കോൺഗ്രസിനെത്തന്നെ തകർക്കുന്ന ചില നേതാക്കളുടെ നിലപാടാണ്‌ പൊട്ടിത്തെറിക്ക്‌ പിന്നിലെന്ന്‌ വ്യക്തമാണ്‌. ഡോ. സരിൻ ഉന്നയിച്ച ഈ വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടാണ്‌ പ്രധാന നേതാക്കളും അവരെ പിന്തുണയ്ക്കുന്ന പ്രവർത്തകരും അനുഭാവികളും പാലക്കാട്‌ കോൺഗ്രസ്‌ വിട്ടത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഷാഫി പറമ്പിലും ജില്ലാ നേതൃത്വത്തെ വകവയ്ക്കാതെ ഏകപക്ഷീയമായി തിരുമാനം എടുത്തതാണ്‌ പ്രശ്നമെന്ന്‌ പുറത്തുവന്നവരെല്ലാം പറയുന്നു. കെ സുധാകരനും കെ മുരളീധരനും അടക്കമുള്ള മുതിർന്ന നേതാക്കൾ അത്‌ ശരിവയ്ക്കുന്നുമുണ്ട്‌. ആഭ്യന്തര പ്രശ്നങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, കെ സുരേന്ദ്രനും സംഘത്തിനും നേരെയുണ്ടായ പുതിയ വെളിപ്പെടുത്തൽ ബിജെപിക്ക്‌ വൻ തിരിച്ചടിയാണ്‌. കൊടകര കുഴൽപ്പണകേസിൽ കേന്ദ്ര ഏജൻസികളുടെ ഒത്താശയിൽ ഇവർ രക്ഷപ്പെട്ടുപോന്നെങ്കിലും തിരൂർ സതീശൻ തെളിവുകൾ സഹിതം കാര്യങ്ങൾ പുറത്തുവിട്ടത്‌ ഊരാനാകാത്ത കുരുക്കാകും. ‘‘എന്നെ തകർക്കാൻ ആര്‌ ശ്രമിച്ചാലും അത്‌ നേരിടാനുള്ള ബന്ധം കേന്ദ്രത്തിലുണ്ട്‌’’ എന്ന്‌ ശോഭാസുരേന്ദ്രൻ കെ സുരേന്ദ്രന്‌ നൽകിയ മുന്നറിയിപ്പും ഇതുമായി കൂട്ടിവായിക്കാം. സംസ്ഥാന സർക്കാരിനേയോ പൊലീസിനേയോ ഏതെങ്കിലും വിധത്തിൽ കുറ്റപ്പെടുത്താനാവില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ഇഡിക്ക്‌ പൊലീസ്‌ നൽകിയ കത്ത്‌. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ കോടിക്കണക്കിന്‌ കള്ളപ്പണം എത്തിച്ചു, വിതരണം ചെയ്തു, ബിജെപിയുടെ പ്രധാനികൾക്ക്‌ പങ്കുണ്ട്‌ തുടങ്ങി കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണെന്ന്‌ വ്യക്തമാക്കുന്ന വിവരങ്ങളും കത്തിലുണ്ട്‌. കോൺഗ്രസിനോ ബിജെപിക്കോ ഇക്കാര്യത്തിൽ മറുത്തെന്തെങ്കിലും പറയാനുമില്ല. യുഡിഎഫ്‌ സ്ഥാനാർഥിയോടുള്ള എതിർപ്പ്‌ പരസ്യമായി പ്രകടിപ്പിച്ച്‌ കൂടുതൽ നേതാക്കൾ രംഗത്തെത്തി. പാലക്കാട്‌ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ മൻസൂർ മണലാഞ്ചേരി ‘നേതൃത്വം നിയന്ത്രിച്ചില്ലെങ്കിൽ’ എന്ന്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ടു. ഇദ്ദേഹത്തിന്റെ സഹോദരനും യൂത്ത്‌ കോൺഗ്രസ്‌ പാലക്കാട്‌ മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന കെ എ സദ്ദാം ഹുസൈനും പ്രതിഷേധം തുറന്നുപറഞ്ഞു.  ‘എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്‌ ’ എന്നായിരുന്നു സദ്ദാംഹുസൈന്റെ വെല്ലുവിളി. നിരവധി കോൺഗ്രസ്‌ അനുഭാവികൾ    ഇരുവരുടെയും നിലപാടിനെ പിന്തുണക്കുന്നുണ്ട്‌. Read on deshabhimani.com

Related News