സജീവ ചർച്ചയായി 
കുഴൽപ്പണവും കൊഴിഞ്ഞുപോക്കും ; കൃത്രിമ വിവാദങ്ങൾ തകർന്നടിഞ്ഞു



തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിൽ യഥാർഥ വിഷയങ്ങളിൽനിന്ന്‌ വഴിതിരിക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷവും ബിജെപിയും ചേർന്ന്‌ തട്ടിക്കൂട്ടിയ കൃത്രിമ വിവാദങ്ങൾ തകർന്നടിഞ്ഞു. കടുത്ത മത്സരം നടക്കുന്ന പാലക്കാട്‌ മണ്ഡലത്തിൽ കോൺഗ്രസിലെ കൊഴിഞ്ഞുപോക്കും ബിജെപി നേതാക്കളുടെ കുഴൽപ്പണക്കടത്തും തന്നെയാണ്‌ ചർച്ചകളിൽ നിറയുന്നത്‌. രാഷ്‌ട്രീയ മൂല്യങ്ങൾക്ക്‌ വിലകൽപ്പിക്കാത്ത പാർടിയായി അധഃപതിച്ചെന്ന്‌ തുറന്നടിച്ച്‌ മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഒ പി കൃഷ്ണകുമാരി കോൺഗ്രസ്‌ വിട്ടു. സിപിഐ എമ്മുമായി സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കോൺഗ്രസും ബിജെപിയും ചേർന്ന് മത്സരിച്ചത്‌ തുറന്നുപറഞ്ഞായിരുന്നു രാജിപ്രഖ്യാപനം. പാലക്കാട്‌ കേന്ദ്രീകരിച്ച്‌ ഒമ്പത്  കോൺഗ്രസ്‌ നേതാക്കളാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം സംഘടന വിട്ടത്‌. ഇവരിൽ ഒരാൾ ഉന്നയിച്ച പ്രശ്നംപോലും പരിശോധിക്കാനോ പരിഹരിക്കാനോ പോകുന്നവരെ പിടിച്ചുനിർത്താനോ ശ്രമിക്കാത്തതിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധത്തിലാണ്‌. പോകുന്നവർ പൊയ്ക്കോട്ടെയെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നിലപാട്‌ കോൺഗ്രസിനെ എവിടെയെത്തിക്കുമെന്ന ആശങ്കമുതിർന്ന നേതാക്കൾക്കുണ്ട്‌. ബിജെപി ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തലിൽ കൊടകര കുഴൽപ്പണ കേസ്‌ തുടർന്ന്‌ അന്വേഷിക്കാൻ കൊച്ചി ഡിസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള എട്ടം​ഗ സം​ഘത്തെ നിയോഗിച്ചതോടെ ബിജെപിയും കോൺഗ്രസും ഒരേപോലെ വെട്ടിലായി. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കൾക്ക്‌ പങ്കുണ്ടെന്ന്‌ ആരോപണമുള്ള കുഴൽപ്പണത്തിലെ പങ്ക്‌ കോൺഗ്രസ്‌ നേതാവ്‌ ഷാഫി പറമ്പിലിനും കൊടുത്തെന്ന വെളിപ്പെടുത്തൽ കോൺഗ്രസ്‌ നേതാക്കളാരും നിഷേധിച്ചിട്ടില്ല. കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈക്കോടതി നോട്ടീസ് അയച്ചതും കുഴൽപ്പണ ചർച്ച കൂടുതൽ കടുപ്പിക്കും. Read on deshabhimani.com

Related News