പാലക്കാട് വിധിയെഴുതി ; 70.51 % പോളിങ്
പാലക്കാട് കേരളം ഉറ്റുനോക്കിയ പാലക്കാട് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 70.51 ശതമാനം പോളിങ്. 2021 ൽ 75.83 ശതമാനമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്‌ച മന്ദഗതിയിൽ ആരംഭിച്ച പോളിങ് രാത്രി 8.15വരെ നീണ്ടു. ഉച്ചയ്‌ക്ക് രണ്ടിനുശേഷമാണ് 50 ശതമാനം കടന്നത്. വൈകിട്ട് നാലോടെ വോട്ടർമാർ കൂടുതലെത്തി. പകുതിയിലേറെ ബൂത്തുകളിലും നിശ്‌ചിത സമയം കഴിഞ്ഞിട്ടും വോട്ടർമാർ കാത്തുനിന്നിരുന്നു. ഇവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിച്ചു. വോട്ടിങ് മെഷീന്റെ വേഗക്കുറവാണ് വോട്ടെടുപ്പ് വൈകിച്ചത്. വി വി പാറ്റ് വീഴുന്നത് വൈകുന്നുവെന്ന പരാതി വോട്ടർമാർ ഉന്നയിച്ചിരുന്നു. 88–-ാം നമ്പർ ബൂത്തായ മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്‌കൂളിൽ തുടക്കം മുതൽ മെഷീൻ തകരാറിലായി. രാവിലെ ഏഴിനുതന്നെ ഇവിടെ വോട്ടുചെയ്യാനെത്തിയ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി സരിനും ഭാര്യ ഡോ.സൗമ്യയും മുക്കാൽ മണിക്കൂറോളം കാത്തുനിന്നശേഷം തിരിച്ചുപോയി. ഉച്ചയ്‌ക്കുശേഷമാണ് ഇരുവരും വോട്ടുചെയ്‌തത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വെണ്ണക്കരയിലെ ബൂത്തിൽക്കയറി വോട്ടുപിടിക്കാൻ ശ്രമിച്ചത് എൽഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞു. ഇരട്ടവോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് വോട്ടുചെയ്യാനെത്തിയെങ്കിലും സമയം അവസാനിച്ചതിനാൽ അവസരം ലഭിച്ചില്ല. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. ഇതിൽ 1,37,302 പേർ വോട്ട് രേഖപ്പെടുത്തി. Read on deshabhimani.com