തീവ്രവർഗീയ സഖ്യം അപകട സൂചന ; വിജയശിൽപികൾ തങ്ങളാണെന്ന് പ്രഖ്യാപിച്ച് എസ്‌ഡിപിഐ പ്രകടനം
തിരുവനന്തപുരം ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ തിരശീല നീക്കിയപ്പോൾ തെളിഞ്ഞത് ജനങ്ങൾ എൽഡിഎഫിനൊപ്പമെന്ന വ്യക്തമായ ചിത്രം. സർക്കാരിനോട് എതിർപ്പില്ലെന്ന സുചിന്തിത നിലപാട് ചേലക്കര എടുത്തപ്പോൾ മൂന്നാം സ്ഥാനത്ത് തുടരുമ്പോഴും ഒരു ചുവട് മുന്നേറി പാലക്കാട്. മികച്ച ഭൂരിപക്ഷത്തിലുള്ള വയനാടും ബഹുഭൂരിപക്ഷം തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുള്ള പാലക്കാടും കോൺഗ്രസ് നിലനിർത്തിയെങ്കിലും അപകടകരമായ സൂചനകളും ഉയർന്നു. കടുത്ത വർഗീയവാദികളായ ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയവയുടെ പിന്തുണയില്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ സ്ഥിതി ദയനീയമാകുമായിരുന്നു. വിജയശിൽപികൾ തങ്ങളാണെന്ന് പ്രഖ്യാപിച്ച് എസ്‌ഡിപിഐ നടത്തിയ പ്രകടനം മതനിരപേക്ഷ ചിന്തയുള്ള ഏവരേയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഭരണത്തോടുള്ള വികാരം എതിർദിശയിലായിരുന്നെങ്കിൽ ചേലക്കരയിലെ വിധി ഇതാവുമായിരുന്നില്ല. ലോക്‌സഭയിലെ ചെറിയ ഭൂരിപക്ഷത്തെ അനായാസമാണ് യു ആർ പ്രദീപ് മറികടന്നത്. യുഡിഎഫിന് മേൽക്കൈയുള്ള മൂന്ന് പഞ്ചായത്തിലും എൽഡിഎഫിനൊപ്പമാണ് ജനം നിലകൊണ്ടത്. സർക്കാരിനെതിരായ ജനവിധി ചേലക്കരയിൽ അട്ടിമറി വിജയമുണ്ടാക്കുമെന്ന് മനപ്പായസമുണ്ട കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കൾ ചേലക്കരയിൽ തമ്പടിക്കുകയും ചെയ്തിരുന്നു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചികൂടിയാണ് ചേലക്കര ഫലമെന്ന് ഉറപ്പിക്കാം. പാലക്കാട് ജയിക്കാൻ യുഡിഎഫ് പയറ്റിയ തന്ത്രങ്ങളുടെ കാതൽ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ അനുകൂലമാക്കുക എന്നതായിരുന്നു. നാളെ ഇതേ ശക്തികളുടെ തീട്ടൂരത്തിന് കാവൽനിൽക്കേണ്ട നിലയിലേക്ക് കോൺഗ്രസ് അധഃപതിക്കുന്നത് ഗൗരവമേറിയ ചർച്ചകൾക്ക് വഴിവയ്ക്കും. പാർടിയിൽ മേധാവിത്തം സ്ഥാപിച്ചെടുക്കാൻ വി ഡി സതീശനും ഷാഫി പറമ്പിലും ഏതറ്റം വരെയും പോകുമെന്നും തെളിയിച്ചിരിക്കുകയാണ് മഴവിൽ സഖ്യം. കൈപ്പിടിയിലാകുമെന്ന് പലഘട്ടത്തിലും നേതൃത്വം കരുതിയ പാലക്കാട് കൈവിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോട്ടകൾ തകർന്നടിയുന്നതിന്‌പിന്നിൽ അതിരൂക്ഷമായ ആഭ്യന്തര കലഹവും സംഘ രാഷ്‌ട്രീയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പുമാണ്. പാലക്കാട്ടെ അടി സംസ്ഥാന തലത്തിൽ വ്യാപിക്കുമെന്ന സൂചനകളും വന്നുകഴിഞ്ഞു. സരിനെ കൈയേറ്റം ചെയ്യാൻ ശ്രമം പാലക്കാട് ജയിച്ചതിന് പിന്നാലെ നഗരത്തിൽ വ്യാപക യുഡിഎഫ് അക്രമം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. വിക്ടോറിയ കോളേജിൽ വോട്ടെണ്ണൽ കഴിഞ്ഞ് വിജയാഹ്ലാദം നടത്തിയ പ്രവർത്തകർ റോഡരികിലെ എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പോസ്‌റ്ററുകളും ബാനറുകളും നശിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്താണ് സരിനുനേരെ യുഡിഎഫുകാർ പാഞ്ഞടുത്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകരും പൊലീസും ചേർന്ന് സരിനെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. എൽഡിഎഫ് പ്രവർത്തകർക്കുനേരെ ആക്രോശിച്ചെത്തിയ സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എഎസ്‌പി അശ്വതി ജിജി, ടൗൺ നോർത്ത് എസ്‌എച്ച്‌ഒ വിപിൻ വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള പൊലീസുകാർക്കുനേരെയും കൈയേറ്റ ശ്രമമുണ്ടായി. അശ്വതി ജിജിയുടെ ഹെൽമറ്റ് തട്ടിമാറ്റാൻ യുഡിഎഫുകാർ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങി.സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിലും അസഭ്യവർഷം നടത്തി പ്രകോപനത്തിന് ശ്രമിച്ചു. മാധ്യമപ്രവർത്തകരോട് ഡോ. പി സരിൻ പ്രതികരിക്കുന്നതിനിടെ പടക്കംപൊട്ടിച്ച് പ്രശ്‌നമുണ്ടാക്കാൻ നോക്കി. എൽഡിഎഫ് പ്രവർത്തകർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷമാണ് ഒഴിവായത്. Read on deshabhimani.com