കത്ത്‌ കത്തുന്നു ; രാഹുലിനെ തീരുമാനിച്ചത്‌ മുരളിയെ വെട്ടാൻ



പാലക്കാട്‌ പാലക്കാട്‌ ഡിസിസിയുടെയും പാർടിപ്രവർത്തകരുടെയും വികാരംമാനിക്കാതെയാണ്‌ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന്‌ വെളിപ്പെടുത്തി പുറത്തുവന്ന കത്തിനെച്ചൊല്ലി കോൺഗ്രസിൽ അടി രൂക്ഷം. ഷാഫി പറമ്പിലിന്റെ നോമിനിയാണ്‌ പാലക്കാട്‌ സ്ഥാനാർഥിയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തുറന്നടിച്ചു. കത്തിനെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നും പാലക്കാട്‌ പ്രചാരണത്തിനിറങ്ങില്ലെന്നും കെ മുരളീധരനും വ്യക്തമാക്കി. കത്ത്‌ പുറത്തുവന്നത്‌ സംബന്ധിച്ച്‌ കെപിസിസി അന്വേഷണവും പ്രഖ്യാപിച്ചു.  മുരളീധരൻ നിയമസഭയിലെത്തിയാൽ അത്‌ പ്രതിപക്ഷനേതാവിന്‌ ഭീഷണിയാകുമെന്നതിനാലാണ്‌ രാഹുലിനെ പിന്നാമ്പുറത്തുകൂടി സ്ഥാനാർഥിയാക്കിയതെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്‌. അതിനിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപന ദിവസം രാഹുൽ മാങ്കൂട്ടത്തിലാണ്‌ സ്ഥാനാർഥിയെന്ന്‌ ഡിസിസി പ്രസിഡന്റിനെ അനൗദ്യോഗികമായി അറിയിച്ചശേഷമാണ്‌ മുതിർന്ന നേതാക്കൾ മുരളീധരനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ എഐസിസിക്ക്‌ കത്തയച്ചതെന്ന്‌ തെളിഞ്ഞു.  സ്ഥാനാർഥിക്കെതിരായ വികാരം അറിയിക്കാൻ തന്നെയായിരുന്നു കത്തെന്നും വ്യക്തം. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗത്തിൽ ആദ്യമേതന്നെ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം പരിഗണിക്കാമെന്ന്‌ കെപിസിസി ഉറപ്പും നൽകി. എന്നിട്ടും പരിഗണിക്കാതെ വന്നപ്പോഴാണ്‌ മുതിർന്ന എട്ട്‌ നേതാക്കൾ ഒപ്പിട്ട കത്ത്‌ എഐസിസി ജനറൽ സെക്രട്ടറിമാർക്കുപുറമേ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അയച്ചത്‌. ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ, വി കെ ശ്രീകണ്‌ഠൻ എംപി, മുതിർന്ന നേതാവ്‌ വി എസ്‌ വിജയരാഘവൻ, മുൻ ഡിസിസി പ്രസിഡന്റ്‌ സി വി ബാലചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി കെ എ തുളസി, സെക്രട്ടറിമാരായ പി ഹരിഗോവിന്ദൻ, പി വി രാജേഷ്‌, യുഡിഎഫ്‌ ജില്ലാ കൺവീനർ പി ബാലഗോപാൽ എന്നിവർ കത്തിൽ ഒപ്പിട്ടിരുന്നു. മണ്ഡലത്തിലെ അടിത്തട്ടിൽനിന്ന്‌ കിട്ടിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ജയസാധ്യത കെ മുരളീധരനാണെന്നും മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം തള്ളി രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.  കത്ത്‌ പുറത്തുവന്നപ്പോൾ ഡിസിസി പ്രസിഡന്റാേ സ്ഥാനാർഥിയോ അത്‌ നിഷേധിച്ചില്ല. സ്ഥാനാർഥി നിർണയത്തിനുമുമ്പ്‌ പല അഭിപ്രായങ്ങളും ഉണ്ടാകുമെന്നാണ്‌ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ പ്രതികരിച്ചത്‌. കത്ത്‌ പുറത്തുവന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പറയാനുള്ളത്‌ 
13നുശേഷം : കെ മുരളീധരൻ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്‌ ഡിസിസി നേതൃത്വം തന്റെ പേര്‌ നിർദേശിച്ചതിൽ സന്തോഷമുണ്ടെന്ന്‌ കെ മുരളീധരൻ. എന്നാൽ, കത്ത്‌ ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ബാക്കി പറയാനുള്ളത്‌ 13നു ശേഷം പറയും. ഇനി നിയമസഭയിലേക്കില്ല. പാലക്കാടേയ്‌ക്ക്‌ പ്രചാരണത്തിനില്ല. അതിന്‌ ആരും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഷാഫിയുടെ നോമിനി : കെ സുധാകരൻ പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ നിർദേശിച്ചത്‌ ഷാഫി പറമ്പിലാണെന്ന്‌ കെ സുധാകരൻ. കെ മുരളീധരന്റെ പേര്‌ നിർദേശിച്ചുള്ള ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണം നടക്കുന്നുണ്ട്‌. കത്ത്‌ ഡിസിസിയിൽനിന്ന്‌ പുറത്തായതെന്നാണ്‌ സംശയമെന്നും സ്വകാര്യ ചാനലിന്‌ നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.   Read on deshabhimani.com

Related News