പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം: അടച്ചുപൂട്ടുന്നത്‌ എന്തിന്റെ പേരിൽ; നേടിയത്‌ 1691.17 കോടി



പാലക്കാട്‌ പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജിച്ച്‌ മംഗളൂരു ഡിവിഷൻ രൂപീകരിക്കാനൊരുങ്ങുമ്പോഴും എന്തിന്റെ പേരിലാണ്‌ പാലക്കാടിന്‌ പൂട്ടിടുന്നതെന്ന്‌ വിശദീകരിക്കാനാകാതെ റെയിൽവേ. ടിക്കറ്റ്‌ വരുമാനം ഉൾപ്പെടെ വരുമാന വർധനയിൽ ദക്ഷിണേന്ത്യയിൽതന്നെ മുൻനിരയിലാണ്‌ പാലക്കാട്‌. 2023–-24 സാമ്പത്തിക വർഷം നേടിയെടുത്തത്‌ 1691.17 കോടി രൂപയാണ്‌. ചരക്കുഗതാഗതം കൈകാര്യം ചെയ്‌തതിലൂടെയാണ്‌ ഡിവിഷന്റെ മികച്ച പ്രകടനം. ടിക്കറ്റ്‌ വരുമാനം (115 കോടി) മറ്റു ഡിവിഷനുകളെ അപേക്ഷിച്ച്‌ കുറവാണെങ്കിലും ചരക്കുഗതാഗതത്തിലൂടെ വരുമാനം നേടി ബജറ്റ്‌ ലക്ഷ്യങ്ങൾ ഉൾപ്പെടെ നേടുന്നതിൽ നിർണായക പങ്ക്‌ വഹിക്കാൻ ഡിവിഷനു കഴിഞ്ഞു. വരുമാനം കൂടുതലുള്ളിടത്ത്‌ വികസനത്തിനായി കൂടുതൽ ഫണ്ട്‌ അനുവദിക്കണമെന്ന നയത്തിന്റെ കാര്യത്തിലും പാലക്കാടിനെ അവഗണിച്ചു. നിലവിലുള്ള വരുമാനവും ഇല്ലാതാക്കുന്ന നീക്കമാണ്‌ നടത്തുന്നത്‌. സ്‌റ്റോപ് വെട്ടിക്കുറച്ചും പുതിയ ട്രെയിൻ അനുവദിക്കാതെയും കഴിഞ്ഞ പത്തുവർഷമായി അവഗണിക്കുന്നു. പാലക്കാട്‌ –- പൊള്ളാച്ചി പാത നവീകരണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും യാത്രക്കാരോട്‌ അവഗണന തുടരുകയാണ്‌. പാലക്കാട്‌ ചെന്നൈ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌, അമൃത എക്‌സ്‌പ്രസ്‌, തിരുച്ചെന്തൂർ എക്‌സ്‌പ്രസ്‌ എന്നിവ മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌. ഇതേ റൂട്ടിൽ 58 കിലോമീറ്ററിനിടയിലെ അഞ്ചിലേറെ സ്‌റ്റോപ്പുകൾ അവഗണിച്ചു. തിരുച്ചെന്തൂർ എക്‌സ്‌പ്രസ്‌ മാത്രമാണ്‌ സ്‌റ്റോപ്പുകളിൽ നിർത്തുന്നത്‌. മുമ്പ്‌ ഈ പാതയിലൂടെ സർവീസ്‌ നടത്തിയിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോട്‌ വിമുഖത കാട്ടുന്നതിനുപിന്നിലും പാലക്കാട്‌ ഡിവിഷനെ തകർക്കാനുള്ള നീക്കമായിരുന്നു എന്ന്‌ വ്യക്തം.  2007ൽ സേലം ഡിവിഷൻ രൂപീകരിച്ചതോടെയാണ്‌ പാലക്കാടിന് പകുതിയിലധികം ട്രാക്ക് നഷ്ടപ്പെട്ടത്‌. 1247 കിലോമീറ്റർ പാതയുണ്ടായിരുന്നു. നിലവിൽ 588 കിലോമീറ്റർ പാതയാണ്‌ ഡിവിഷനു കീഴിലുള്ളത്‌. Read on deshabhimani.com

Related News