പോളിങ് കഴിഞ്ഞിട്ടും 
അടിതീരാതെ കോൺഗ്രസ്‌ ; എതിർശബ്ദവുമായി മുരളീധരനും വി എസ്‌ വിജയരാഘവനും



തിരുവനന്തപുരം പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്‌ മുതൽ കോൺഗ്രസിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ പോളിങ് കഴിഞ്ഞും അടങ്ങുന്നില്ല. മുതിർന്ന നേതാവ്‌ വി എസ്‌ വിജയരാഘവൻ ആദ്യവെടിപൊട്ടിച്ചതിന്‌ പിന്നാലെ കെ മുരളീധരനും മുൻ എംഎൽഎ സിപി മുഹമ്മദും എതിർശബ്ദവുമായി പുറത്തുവന്നു. ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമായിരുന്ന സന്ദീപ്‌ വാര്യരെ നിലപാട്‌ തിരുത്താതെ പാർടിയിലെടുത്തത്‌ ദോഷം ചെയ്യുമെന്ന വാദം നേരത്തെ കോൺഗ്രസിലുണ്ട്‌. സന്ദീപിന്റെ വരവ്‌ ബിജെപിക്ക്‌ ഗുണം ചെയ്യുമെന്നും കോൺഗ്രസിന്‌ തിരിച്ചടിയാകുമെന്നാണ്‌ മുതിർന്ന നേതാവ്‌ വി എസ്‌ വിജയരാഘവൻ പ്രതികരിച്ചത്‌. ദീർഘകാലം ഡിസിസി പ്രസിഡന്റായിരുന്ന താൻ സന്ദീപിന്റെ വരവ്‌ അറിഞ്ഞത്‌ മാധ്യമങ്ങളിലൂടെയാണ്‌. ചർച്ച ഇല്ലാതെയാണ്‌ സന്ദീപിനെ കോൺഗ്രസിലെടുത്തതെന്നും ഇതിലുള്ള അസംതൃപ്തിയുമാണ്‌ വിജയരാഘവൻ പ്രകടിപ്പിച്ചത്‌. കാടടച്ച്‌ പ്രചരണം നടത്തിയിട്ടും പോളിങ്‌ കുറഞ്ഞത്‌ പരിശോധിക്കണമെന്നാണ്‌ കെ മുരളീധരൻ പറഞ്ഞത്‌. വോട്ടർമാർ മുഖം തിരിച്ചുവെന്ന്‌ പറയുന്നതിലൂടെ മുരളീധരനും നേതൃത്വത്തെയാണ്‌ ലക്ഷ്യമിടുന്നത്‌. സന്ദീപിനെ എടുത്തത്‌ തിരിച്ചടിയായെന്ന അഭിപ്രായമാണ്‌ സി പി മുഹമ്മദടക്കമുള്ള നേതാക്കളും പങ്കുവെക്കുന്നത്‌. ജില്ലാ നേതൃത്വത്തെ പിണക്കിയാണ്‌ ഷാഫി പറമ്പിലിന്റെ നോമിനിയായ രാഹുൽ മാങ്കൂട്ടത്തിലിനെ വി ഡി സതീശൻ സ്ഥാനാർഥിയാക്കിയത്‌. ഡിസിസിയും ജില്ലയിൽ നിന്നുള്ള നേതാക്കളും പ്രചരണത്തിൽ നിന്ന്‌ ഉൾവലിഞ്ഞതോടെ പുറമെ നിന്നെത്തിയ നേതാക്കളാണ്‌ രാഹുലിന്‌ വേണ്ടി പ്രചരണം നയിച്ചത്‌. കൊട്ടിക്കലാശത്തിന്‌ പിന്നാലെ പുറത്തുനിന്നുള്ള സംഘം ജില്ല വിടുകയുംചെയ്‌തു. ഇത്‌ പോളിങ്‌ കുറയാനാടിയാക്കി എന്നാണ്‌ വിലയിരുത്തൽ. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ്‌ ജയിക്കണമെന്ന വാദമുയർത്തിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മതനിരപേക്ഷ വോട്ട്‌ പെട്ടിയിലെത്തിച്ചത്‌. കശ്‌മീരികളെ വംശഹത്യക്ക്‌ വിധേയമാക്കണമെന്ന്‌ അഭിപ്രായപ്പെട്ട വ്യക്തിക്ക്‌ കൈകൊടുത്തതിലൂടെ ന്യൂനപക്ഷങ്ങൾക്ക്‌ തങ്ങളിലുള്ള വിശ്വാസം നഷ്ടമായെന്ന അഭിപ്രായവും നേതാക്കളിലുണ്ട്‌. Read on deshabhimani.com

Related News