ത്രിതല പഞ്ചായത്ത്‌ വാർഡുകൾ വർധിച്ചു ; പഞ്ചായത്തിൽ 1375 ബ്ലോക്കിൽ 256 




തിരുവനന്തപുരം      സംസ്ഥാനത്ത്‌ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാർഡുകളാകും ഇനിയുണ്ടാകുക. 1375 വാർഡുകൾ വർധിക്കും.   152 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 2,080 ഡിവിഷനുണ്ടായിരുന്നത്‌ 2,336 ആകും. 256 ഡിവിഷനുകളാണ്‌ വർധിച്ചത്‌.14 ജില്ലാ പഞ്ചായത്തുകളിലെ 331 ഡിവിഷനുകൾ  336 ആകും. വർധന–- 5.  ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച്‌ തദ്ദേശ ഭരണ റൂറൽ ഡയറക്ടർ ഗസറ്റ്‌ വിജ്ഞാപനം ഇറക്കി.   2011ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ്‌  വാർഡുകളുടെ എണ്ണം കണക്കാക്കിയത്‌,  മുനിസിപ്പാലിറ്റി, കോർപറേഷൻ ഡിവിഷനുകൾ സംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും. അതോടെ വാർഡുകളുടെ അതിർത്തി നിശ്ചയിക്കും.  വാർഡുകളുടെ അതിർത്തി ഇതിനുമുമ്പ്‌ പുനർനിർണയിച്ചത്‌ 2010ലാണ്‌. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ്‌ 2011ലെ ജനസംഖ്യയനുസരിച്ച്‌ വാർഡുകൾ വിഭജിക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ്‌ എല്ലാം തകിടം മറിച്ചു. നിലവിൽ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളിൽ കുറഞ്ഞത്‌ പതിമൂന്നും കൂടിയത്‌ ഇരുപത്തിമൂന്നും വാർഡുകളാണുള്ളത്‌. ഇത്‌ പതിനാലും ഇരുപത്തിനാലുമായി വർധിപ്പിച്ച്‌ നേരത്തെ വിജ്ഞാപനമിറക്കിയിരുന്നു. 15,000 വരെ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ 14 വാർഡുണ്ടാവും. കൂടുതൽ വരുന്ന ഓരോ 2500 പേർക്കും ഓരോ വാർഡ്‌ വർധിക്കും. ഒന്നര ലക്ഷംവരെ ജനസംഖ്യയുള്ള ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 14 ഡിവിഷനുണ്ടാകും. ഓരോ 25,000 അധിക ജനസംഖ്യക്കും ഓരോ ഡിവിഷൻവീതം കൂടുതൽ. ജില്ലാ പഞ്ചായത്തിൽ 10 ലക്ഷംവരെ ജനസംഖ്യയുള്ളിടത്ത്‌ 17 ഡിവിഷൻ. കൂടുതൽവരുന്ന ഓരോലക്ഷത്തിനും ഓരോ ഡിവിഷൻ അധികം. ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിൽ പകുതിയിലേറെയും (8,864) വനിതാസംവരണമാണ്‌. 51.228 ശതമാനം.  1582 വാർഡുകൾ പട്ടികജാതി വിഭാഗത്തിനും 282 എണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ്‌. പട്ടികജാതി വാർഡുകൾ കൂടുതൽ പാലക്കാടും (248), പട്ടികവർഗ വാർഡുകൾ കൂടുതൽ വയനാട്ടിലുമാണ്‌ (88).   Read on deshabhimani.com

Related News