പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പൊലീസ് നടപടി 21ന് ശേഷം
കോഴിക്കോട് > പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ തുടർനടപടി താൽക്കാലികമായി നിർത്തിവച്ച് പൊലീസ്. ഒന്നാം പ്രതി രാഹുൽ പി ഗോപാലിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച് രാഹുലിനെയും ഭാര്യയെയും കൗൺസലിങ്ങിന് വിടാൻ നിർദേശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം കേസ് റദ്ദാക്കുന്നതിൽ കോടതി തീരുമാനമെടുക്കും. 21നാണ് ഹരജി വീണ്ടും പരിഗണിക്കുക. അതുവരെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന. തർക്കം പരിഹരിച്ചെന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും രാഹുലിന്റെ ഭാര്യയും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം ദമ്പതികൾ ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളും കൗൺസലിങ് റിപ്പോർട്ടും മറ്റും പരിശോധിച്ചായിരിക്കും എഫ്ഐആർ റദ്ദാക്കുന്നത് ഉൾപ്പെടെ കോടതി തീരുമാനിക്കുക. അതിനെ ആശ്രയിച്ചാകും തുടർന്നുള്ള പൊലീസ് നടപടി. ഫറോക്ക് അസി.കമീഷണറുടെ നേതൃത്വത്തിലാണ് കേസന്വേഷണം. Read on deshabhimani.com