കൊച്ചുകൂട്ടുകാർക്കൊപ്പം സീനിയർ @ 71

ചെന്നീർക്കര ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ പഠിക്കുന്ന പരമേശ്വരൻ പിള്ള


പത്തനംതിട്ട > കൊച്ചുമക്കളുടെ പ്രായമുള്ള പിള്ളേർ ഈ 71കാരനെ "അളിയാ...' എന്ന്‌ വിളിക്കും. തോളിൽ കൈയിടും. ചിലപ്പോ കൂടെ റീലും ചെയ്യും. "പ്രായമൊരു വിഷയമേയല്ല. പഠനം മുഖ്യം ബിഗിലേ...' എന്ന്‌ പരമേശ്വരൻ പിള്ളയും പറയും. പ്രായം കഴിഞ്ഞെന്നും തിരക്കാണെന്നും പറഞ്ഞ്‌ പലതിൽനിന്നും ഒഴിഞ്ഞ്‌ മാറുന്നവർക്കുമുന്നിൽ വ്യത്യസ്‌തനാവുകയാണ്‌ ഹരിപ്പാട്‌ മണ്ണാറശാല താന്നിക്കൽ വീട്ടിൽ കെ ജി പരമേശ്വരൻ പിള്ള. വ്യവസായ പരിശീലന വകുപ്പിന് കീഴിലുള്ള ഐടിഐകളിൽ കോഴ്‌സിന്‌ ചേരാൻ പ്രായപരിധിയില്ലെന്നത്‌ പ്രയോജനപ്പെടുത്തിയാണ്‌ ഇദ്ദേഹം വിദ്യാർഥിയായത്‌. ചെന്നീർക്കര ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്റ്റന്റ്‌ എന്ന ഒരു വർഷ കോഴ്‌സിലാണ്‌ പരമേശ്വരൻ പിള്ള ചേർന്നത്‌. പ്ലസ്‌ടു കഴിഞ്ഞവരാണ്‌ കോഴ്‌സിനെത്തുക. ചിലർ ജോലി ലഭിച്ച്‌ കഴിഞ്ഞും ചേരാറുണ്ട്‌. പരമേശ്വരൻ പിള്ളയുടെയത്ര പ്രായമുള്ളവർ ഇതുവരെ കോളേജിൽ ചേർന്നിട്ടില്ല. കോഴ്‌സിന്‌ ചേർന്ന ശേഷമാണ്‌ ജീവിതത്തിലാദ്യമായി മൗസിൽ കൈ തൊടുന്നതെന്ന്‌ ഇദ്ദേഹം പറയുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹത്താലാണ്‌ ചേർന്നത്‌. പണ്ടുമുതൽ കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സാഹചര്യം സമ്മതിച്ചില്ല. മുമ്പും ടെക്‌നിക്കൽ കോഴ്‌സുകളിൽ ചേർന്നിട്ടുണ്ട്‌. തുടർന്നും പഠിക്കും. നിലവിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ കൊമേഴ്‌സ്‌ വിദ്യാർഥി കൂടിയാണ്‌ ഇദ്ദേഹം. 2018ൽ തുല്യതാ പരീക്ഷ എഴുതിയാണ്‌ ചണ്ഡീഗഢിൽ മെഷീൻ ജോലിക്കാരനായിരുന്ന പരമേശ്വരൻ പിള്ള പ്ലസ്‌ടു പാസായത്‌. ദിവസവും 25 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി പത്രം വിതരണം ചെയ്‌ത ശേഷമാണ്‌ ഹരിപ്പാടുനിന്ന്‌ ചെന്നീർക്കരയിലെത്തുന്നത്‌. വീട്ടിൽ മറ്റാരുമില്ല. ഭക്ഷണം ഉൾപ്പെടെ സ്വയം ഉണ്ടാക്കി വേണം പഠനത്തിനിറങ്ങാൻ. ഏക മകൾ ഡൽഹിയിലാണ്‌ ജോലി ചെയ്യുന്നത്‌. കോഴ്‌സിന്‌ ചേർന്നിട്ട്‌ നാല്‌ ദിവസമേ ആയിട്ടുള്ളു. യൂണിഫോം കിട്ടിയിട്ടില്ല. ഉടൻ അതും ശരിയാകും. അതിനുശേഷം യൂണിഫോം ഇട്ട്‌ ബസിൽ കൺസഷൻ ടിക്കറ്റ്‌ എടുത്ത്‌, ഉച്ചക്കത്തേക്കുള്ള ഭക്ഷണ പൊതിയുമായി പരമേശ്വരൻ പിള്ള ഐടിഐയിലെത്തും. Read on deshabhimani.com

Related News