വയനാട്‌ ദുരന്തം; സർക്കാർ രൂപീകരിച്ച വിദഗ്ധ സംഘം പഠനമാരംഭിച്ചു



മേപ്പാടി > വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം, മേഖലയുടെ പുനർനിർമാണം എന്നിവയ്ക്കായി സർക്കാർ രൂപീകരിച്ച വിദഗ്ധ സംഘം സ്ഥലത്തെത്തി പഠനമാരംഭിച്ചു. സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ആര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പിഡിഎന്‍എ (പോസ്റ്റ്‌ ഡിസാസ്റ്റർ നീഡ്‌സ്‌ അസെസ്‌മന്റ്‌) സംഘമാണ് മേഖലയില്‍ പരിശോധന നടത്തിയത്. സംഘത്തോടൊപ്പം മന്ത്രി എ കെ ശശീന്ദ്രനും സ്ഥലം എംഎൽഎ ടി സിദ്ദിഖും ഉണ്ടായിരുന്നു. പിഡിഎന്‍എ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 31 വരെ വിവിധ മേഖലകളിലായി നടക്കും. ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകൾ എന്നിവയുമായി സംഘം സംസാരിച്ചു. ‘സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് ജില്ലയില്‍ സംഭവിച്ചത്. ജനങ്ങളുടെ ജീവനോപാധിക്ക് പ്രാധാന്യം കൊടുക്കണം. ഉപജീവന മേഖലയില്‍ വളരെ ചെറിയ സംരംഭങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാവരെയും ഉള്‍കൊള്ളുന്ന വളരെ അഭികാമ്യമായ പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരും. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരച്ചില്‍ നടത്തും’–- പിഎൻഡിഎ സംഘത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ എ കെ ശശീന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതി. Read on deshabhimani.com

Related News