പീരുമേട്ടിലിന്നും രാജഭരണത്തിന്റെ ശംഖൊലികള്‍

തേക്കടി ലേക്ക് പാലസ് കെട്ടിടത്തിന് മുന്നിലെ ശംഖ് മുദ്ര


കുമളി> ജനാധിപത്യത്തിന് വഴിമാറിയെങ്കിലും പീരുമേട്ടില്‍ ഇപ്പോഴും പലയിടങ്ങളിലും രാജഭരണത്തിന്റെ ശംഖ് മുദ്രകള്‍ കാണാം. രാജാവും രാജശാസനങ്ങളും പഴങ്കഥയായെങ്കിലും തിരുവിതാംകൂറിന്റെ രാജമുദ്രയ്‍ക്ക് ഇന്നും അതേ തലയെടുപ്പ്. ചരിത്ര ശേഷിപ്പുകൾ നശിപ്പിക്കപ്പെടരുതെന്ന ബോധമാണ് പീരുമേട്ടില്‍ രാജമുദ്രകള്‍ സംരക്ഷിക്കപ്പെട്ടത്. തിളക്കമേറും ശംഖ് പീരുമേട് കോടതി ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം രാജഭരണത്തിൽ താലൂക്ക് കച്ചേരിയായിരുന്നു. കെട്ടിടത്തിന്റെ മുൻ ഭാഗത്ത് ഭിത്തിയിൽ താലൂക്ക് കച്ചേരിയെന്ന ആലേപനം കാണാം. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ശംഖ്മുദ്രയും സൂക്ഷിച്ചിട്ടുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതി പീരുമേടായിരുന്നു. അക്കാലത്ത് പീരുമേട് രാജ പ്രൗഢിയിലായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരവും പ്രധാന കൊട്ടാരവും സ്വകാര്യ വ്യക്തികളുടെ കൈകളിലാണെങ്കിലും കൊട്ടാരത്തിന്റെ പലഭാഗങ്ങളിലും ശംഖ്മുദ്രകൾ ഇപ്പോഴുമുണ്ട്. പെരിയാർ കടുവാ സങ്കേതത്തിൽ തടാക മധ്യത്തിലുള്ള രാജകുടുംബത്തിന്റെ വകയായിരുന്ന ലേക്പാലസിലും നിരവധിയിടങ്ങളില്‍ രാജമുദ്രയുണ്ട്. ലേക്പാലസ് ഇപ്പോൾ ടൂറിസം വകുപ്പിന്റെ ഹോട്ടലാണ്. വണ്ടിപ്പെരിയാറിൽ പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി ഏതാനും വർഷം മുമ്പ് പൊളിച്ചുനീക്കിയ എക്സൈസ് കെട്ടിടത്തിലുണ്ടായിരുന്ന രാജമുദ്ര ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പീരുമേട്ടിലെ പഴയ പൊലീസ് സ്റ്റേഷന് മുന്നിലെ ശംഖ്മുദ്രയും തിരുവിതാംകൂർ പൊലീസ് സ്‌റ്റേഷന്റെ ബോർഡും മുദ്രയും പുതിയ സ്‌റ്റേഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പീരുമേട് ടൗണിലെ പഴയ പാലത്തിനിരുവശത്തും ശംഖ്മുദ്രയുണ്ട്. തിരുവിതാംകൂർ ഭരണത്തിൽ സർവേ നടത്തിയ കുമളി- ആലടി റോഡിനായി സ്ഥാപിച്ച നിരവധി സർവേക്കല്ലുകളിലും രാജമുദ്രയുണ്ട്. പെരിയാർ കടുവാസങ്കേതത്തിനുള്ളിൽ മംഗളാദേവി ക്ഷേത്രഭാഗത്ത് കേരള- തമിഴ്‌നാട് അതിർത്തി തിരിച്ചറിയാൻ സ്ഥാപിച്ചിരുന്ന ശംഖുമുദ്രയുള്ള സർവേക്കല്ലുകൾ ഇപ്പോഴുമുണ്ട്. ഇവിടെ ചില ഭാഗങ്ങളിൽ പാറയിലും മുദ്ര കൊത്തിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമിക്കാൻ അടുത്തിടെ പൊളിച്ച കുമളി ഗവ. ആശുപത്രിയിലും പീരുമേട്ടിൽ എസ്എംഎസ് ക്ലബ് ആൻഡ് ലൈബ്രറിയിലും വണ്ടിപ്പെരിയാർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലും ശംഖ്മുദ്ര കാണാം.   Read on deshabhimani.com

Related News