അഴുതയാറിന് കുറുകെ നിർമിച്ച ഇരുമ്പുപാലത്തിന് 120 വർഷം



പീരുമേട് > തിരുവിതാംകൂർ രാജഭരണകാലത്ത് പീരുമേട്ടിൽ അഴുതയാറിന് കുറുകെ നിർമിച്ച ഇരുമ്പുപാലത്തിന് 120 വർഷം. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൈതൃക പാലമായി പുതുക്കി പണിതിട്ട് ഏഴുവർഷവും പിന്നിട്ടു. തിരുവിതാംകൂർ രാജഭരണകാലത്ത് രാജകുടുംബത്തിന്റെ വേനൽക്കാല വസതി ‘അമ്മച്ചി കൊട്ടാരം’ കുട്ടിക്കാനത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇവിടെനിന്നും കിഴക്കോട്ടുള്ള ക്ഷേത്രത്തിലേക്ക് കുതിരവണ്ടിയിൽ പോകുന്നതിനാണ് അഴുതയാറിന് കുറുകെ പാലം നിർമിക്കുന്നത്. കുട്ടിക്കാനത്തൊന്നും ക്ഷേത്രത്തിലേക്ക് എത്തുന്നതിനായി അക്കാലത്ത് ഉണ്ടായിരുന്നതും പിന്നീട് തകർന്നതുമായ തുരങ്കത്തിന്റെ മുഖകവാടം ഇപ്പോഴും സിപിഎം സ്കൂൾ വളപ്പിൽ കാണാം. മണ്ണിടിഞ്ഞ് മൂടിയ തുരങ്കത്തിന്റെ കവാട ഭാഗം ഇപ്പോഴും ഇരുമ്പുവല കെട്ടി സംരക്ഷിച്ചിരിക്കുന്നു. രാജഭരണ കാലത്ത് സുർക്കി മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലിൽ കെട്ടിയുയർത്തിയാണ് പാലത്തിന്റെ തൂണുകൾ നിർമ്മിച്ചത്. ഇതിനു മുകളിൽ ഇരുമ്പ് കേഡറുകൾ സ്ഥാപിക്കുകയായിരുന്നു. പാലത്തിന്റെ വശത്ത് നിർമാണ വർഷവും മാസവും അതോടൊപ്പം രാജഭരണത്തിന്റെ അടയാളമായ ശംഖുമുദ്രയും ആലേഖനം ചെയ്തിരുന്നു. ആദ്യകാലങ്ങളിൽ കുതിരവണ്ടിയും കാളവണ്ടിയും ഉപയോഗിച്ചിരുന്ന പാലം കരിവണ്ടിയും മോട്ടോർ വാഹനങ്ങളും എത്തിയതോടെ തിരക്കായി. കാലാന്തരത്തിൽ ഇരുമ്പ് കേഡറുകൾ തുരുമ്പെടുത്ത് നശിച്ചു. 30 വർഷം മുമ്പ് ഇതിന് അല്പം മാറി സമാന്തരമായി കോൺക്രീറ്റ് പാലം നിർമിച്ചതോടെ പഴയ രാജകീയ പ്രൗഢി നഷ്ടപ്പെട്ടു. സമാന്തരമായി പുതിയപാലം വന്നെങ്കിലും പഴയപാലത്തിന്റെ  ഉപയോഗം കുറഞ്ഞില്ല. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി ചരക്കുവേണ്ടി എത്തിയത് പാലം കടന്നായിരുന്നു. സമീപത്തെ കോളനി നിവാസികൾ തുടർന്നും പാലം ഉപയോഗിച്ചുവന്നു. പത്തുവർഷംമുമ്പ് പാലത്തിന്റെ മധ്യഭാഗത്ത് ഇരുമ്പ് കേഡറുകൾ തുരുമ്പെടുത്ത് കുഴി രൂപപ്പെട്ടിരുന്നു. കുഴി അടച്ചെങ്കിലും കേഡറുകൾ തുരുമ്പെടുത്തു നശിക്കുന്നത് തുടർന്നു. നൂറ്റാണ്ട് പിന്നിട്ട പൈതൃക പാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് 2017 മാർച്ചിൽ 42 ലക്ഷം രൂപ ചെലവഴിച്ച സർക്കാർ പാലം സംരക്ഷണം ഭാഗമായി നിർമാണ ജോലികൾ നടത്തിയത്. ഏഴുമാസത്തോളം സമയമെടുത്താണ് നിർമാണം പൂർത്തീകരിച്ചത്. Read on deshabhimani.com

Related News