മൊഴിമാറ്റത്തിലെ സങ്കീർണതയും സാധ്യതയും പങ്കുവച്ച് പെരുമാൾ മുരുകൻ
കൊച്ചി സാഹിത്യകൃതികളുടെ മൊഴിമാറ്റത്തിലെ സങ്കീർണതകളും ഭാഷാപരമായ പരിമിതിയും സാധ്യതയും പങ്കിട്ട് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ. എഴുത്തിലെ ഭാഷാപരമായ സങ്കീർണത അതേപടി മൊഴിമാറ്റുക അസാധ്യമാണെന്നും എന്നാൽ, ചില ന്യൂനതകൾ സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേവര എസ്എച്ച് കോളേജിന്റെ 80–-ാംസ്ഥാപിത ദിനാഘോഷങ്ങളുടെ ഭാഗമായി ഭാഷാ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പെരുമാൾ മുരുകന്റെ കൃതികളുടെ മലയാള വിവർത്തനവും എഴുത്തുകാരന്റെ വ്യക്തിപരമായ അനുഭവങ്ങളും’ എന്നതായിരുന്നു വിഷയം. ഓരോ ഭാഷയും അതിന്റെ സംസ്കാരവും മൂല്യങ്ങളും സൂക്ഷിക്കുന്ന മായാജാലംതന്നെയാണ്. അതിനാൽ വിവർത്തനം പലവിധമായ സംയോജനങ്ങളുടെ ആഘോഷമാണെന്നും പെരുമാൾ മുരുകൻ പറഞ്ഞു. എസ്‌എച്ച് കോളേജ് സ്റ്റുഡന്റ് തിയറ്റർ ടീം പെരുമാൾ മുരുകന്റെ ‘അർധനാരീശ്വരൻ’ കൃതിയെ ആസ്പദമാക്കി ‘മാതൊരുപാകൻ’ പേരിൽ നാടകം അവതരിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും മുരുകനുമായി സംവദിച്ചു. പ്രിൻസിപ്പൽ പ്രൊഫ. സി എസ് ബിജു, മാനേജർ ഡോ. വർഗീസ് കാച്ചപ്പിളളി, വൈസ് പ്രിൻസിപ്പൽ ഡോ. സി എസ് ഫ്രാൻസിസ്, ബിജോ എൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com