പെട്രോൾ ടാങ്കറുമായി പോയ ട്രെയിനിൽ നിന്നും പെട്രോൾ ലീക്കായി



കഞ്ചിക്കോട്> പെട്രോൾ ടാങ്കറുകളുമായി പോയ ട്രെയിനിലെ ഒരു ടാങ്കറിൽ നിന്നും പെട്രോൾ ലീക്കായത് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭീതി സൃഷ്ടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ കൃത്യമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച പകൽ 11.30 നാണ് സംഭവം. എഴുപതിനായിരം ലിറ്റർ കപ്പാസിറ്റിയുള്ള 50 ടാങ്കർ പെട്രോളുമായി എറണാകുളം ഇരുമ്പനത്ത് നിന്നും ബാംഗ്ലൂർ ദേവനഗുഡിയിലേക്ക് പോയ ഓയിൽ ടാങ്കറിൻ്റെ ട്രെയിനിലെ 13ാം നമ്പർ ടാങ്കറിലെ വാൽവിൽ നിന്നാണ് വൻ തോതിൽ പെട്രോൾ ചോർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഗാർഡുകൾ കഞ്ചിക്കോട് സ്റ്റേഷൻ മാസ്റ്റെറെ വിവരമറിയിച്ച് സ്റ്റേഷന് പരിസരത്തായി ട്രെയിൻ നിർത്തിയിട്ടതിന് ശേഷം അഗ്നിരക്ഷാ സേനാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തി സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു. മറ്റ് ട്രെയിനുകൾ താൽക്കാലികമായി തടയാൻ നിർദ്ദേശം നൽകി. തൊട്ടടുത്ത് 110 കെ വി സബ് സ്റ്റേഷനുണ്ടായിരുന്നതും ഭീഷണിയായിരുന്നു. തുടർന്ന് റെയിൽവേയുടെ മെക്കാനിക്കുകൾ എത്തി ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ വാൽവിലെ ചോർച്ചയടച്ച് ദുരന്തം ഒഴിവാക്കി. കഞ്ചിക്കോട് അഗ്നിരക്ഷാ നിലയം അസി സ്റ്റേഷൻ ഓഫീസർ  കെ മധുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി കണ്ണദാസ്,ആർ രാകേഷ്, ആർ സതീഷ്, എൻ കെ അബുസാലി, പി മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News