ഉയരും, ലോകോത്തര മികവ്‌ ; പിണറായി എഡ്യൂക്കേഷൻ ഹബ്ബിന്‌ കല്ലിട്ടു ; പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ



പിണറായി (കണ്ണൂർ) ഉന്നത വൈദഗ്ധ്യവും നൈപുണ്യ വികസനവും ലക്ഷ്യമിട്ട്‌ കാലത്തിനനുസരിച്ചുള്ള കോഴ്‌സുകളൊരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുകുടക്കീഴിലേക്ക്‌. പിണറായിയിൽ സ്ഥാപിക്കുന്ന എഡ്യൂക്കേഷൻ ഹബ്ബിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. പിണറായി കൺവൻഷൻ സെന്ററിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയായി. പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ്‌ മുഖ്യാതിഥിയായി. കെഎസ്ഐടിഐഎൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സന്തോഷ്‌ബാബു റിപ്പോർട്ട്‌ അവതരിപ്പിച്ചു.  കിൻഫ്ര ഏറ്റെടുത്ത 12.93 ഏക്കറിൽ 485 കോടി രൂപ ചെലവിലാണ്‌ വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നത്‌. പോളിടെക്‌നിക് കോളേജ്, ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐടിഐ, ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട്, സിവിൽ സർവീസ് അക്കാദമി എന്നിവയാണ് സ്ഥാപിക്കുക. ജൈവവൈവിധ്യ പാർക്ക്‌, അതിഥിമന്ദിരം, കാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്‌റ്റൽ എന്നിവയും നിർമിക്കും. എഡ്യൂക്കേഷൻ ഹബ്ബിനോടു ചേർന്ന്‌ പിണറായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2,000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും സജ്ജീകരിക്കും. പദ്ധതിയുടെ ഏകോപനച്ചുമതല ഐഎച്ച്ആർഡിക്കും നിർമാണ മേൽനോട്ടം കെഎസ്ഐടിഐഎല്ലിനുമാണ്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്‌ കരാർ. 2026 ജനുവരിയിൽ നിർമാണം പൂർത്തിയാക്കും.   വിദേശവിദ്യാർഥികൾ കൂടുതലായി കേരളത്തിലെത്തുന്നു: മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസമേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രവർത്തനമാരംഭിച്ചപ്പോഴേ വിദേശത്തുനിന്ന് കൂടുതൽ വിദ്യാർഥികൾ കേരളത്തിലെത്താൻ താൽപ്പര്യം കാണിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 2600 വിദേശ വിദ്യാർഥികളുടെ അപേക്ഷ ഈവർഷം  ലഭിച്ചു. പിണറായി എഡ്യൂക്കേഷൻ ഹബ്ബിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ  നാലുശതമാനം മാത്രമാണ്‌. വിദേശത്തുപോകുന്ന 67 ശതമാനം വിദ്യാർഥികളും പഞ്ചാബ്‌, ഹരിയാന, ഗുജറാത്ത്‌, മഹാരാഷ്ട്ര, തമിഴ്‌നാട്‌, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌. രാജ്യത്തെ മികച്ച കോളേജുകളിൽ ആദ്യത്തെ നൂറിൽ സംസ്ഥാനത്തെ 16 കോളേജുണ്ട്. മികച്ച 300 കോളജുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്‌. കിഫ്ബി ധനസഹായത്തോടെയാണ് എഡ്യൂക്കേഷൻ ഹബ് പദ്ധതി നടപ്പാക്കുന്നത്. 2016ൽ 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കാമെന്നു കരുതിയിടത്ത് 60,000 കോടിയിൽ അധികമായി. കൂടുതൽ കരുത്തോടെ വളരുന്ന കേരള മാതൃകയുടെ ഉദാഹരണമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News