മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം , ദുരിത ബാധിതർക്കെല്ലാം 
പുനരധിവാസം : മുഖ്യമന്ത്രി



തിരുവനന്തപുരം വയനാട്‌  മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക്‌ ആറുലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്‌ഡിആർഎഫ്)യിൽനിന്ന് നാല്‌ ലക്ഷംരൂപ അനുവദിക്കുന്നതിനുപുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട്‌ ലക്ഷംരൂപകൂടി ചേർത്താണ് ധനസഹായമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണുകളും കൈകാലുകളും നഷ്ടപ്പെട്ടവർക്കും 60 ശതമാനത്തിലധികം വൈകല്യം ബാധിച്ചവർക്കും 75,000 രൂപ വീതവും 40മുതൽ 60 ശതമാനംവരെ വൈകല്യം ബാധിച്ചവർക്കും ഗുരുതരപരിക്കേറ്റവർക്കും 50,000രൂപ വീതവും സിഎംഡിആർഎഫിൽനിന്ന്‌ അനുവദിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള സഹായത്തിന്‌ പുറമെയാണിത്‌. ധനസഹായത്തിന്‌ നെക്സ്‌റ്റ്‌ ഓഫ്‌ കിൻ (ആശ്രിത ബന്ധു) സാക്ഷ്യപത്രം അടിസ്ഥാനമാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരമനുസരിച്ച്‌ നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കും. കോവിഡ് കാലത്തേതിന്‌ സമാനമായ നടപടിയാണിത്. ഇതനുസരിച്ച്‌ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റില്ലാതെ ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക്‌ നഷ്ടപരിഹാരം ലഭിക്കും. സഹോദരൻ, സഹോദരി എന്നിവർ ആശ്രിതരെങ്കിൽ അവർക്കും സഹായം ഉറപ്പാക്കും. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനുള്ള കാലതാമസം ഒഴിവാക്കും. സർട്ടിഫിക്കറ്റ് അനുവദിക്കുംമുമ്പ് ആക്ഷേപം ഉന്നയിക്കാനുള്ള 30 ദിവസത്തെ സമയപരിധി ഒഴിവാക്കും. കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. പൊലീസ് നടപടികൾ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. അത് അടിസ്ഥാനമാക്കി ഉത്തരവിറക്കും. ദുരിതബാധിതർക്ക്‌ വാടകവീടുകളിലേക്ക് മാറാൻ ദുരിതാശ്വാസ നിധിയിൽനിന്ന്‌   കുടുംബത്തിന് പ്രതിമാസം 6,000 രൂപവരെ നൽകും. സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ മാർഗനിർദേശം ഇറക്കിയിട്ടുണ്ട്‌. രേഖകൾ നഷ്ടപ്പെട്ടവർക്ക്‌ പുതിയത്‌ നൽകാൻ സർവകലാശാലകളും സർക്കാർ സ്ഥാപനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും ബോർഡുകളും  കോർപ്പറേഷനുകളും കമീഷനുകളും ഡയറക്ടറേറ്റുകളും ഫീസ്‌ ഈടാക്കരുതെന്ന്‌ നിർദേശം നൽകിയതായും  മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതർക്കെല്ലാം 
പുനരധിവാസം: മുഖ്യമന്ത്രി മുണ്ടക്കൈ ദുരന്തത്തിൽ നാശനഷ്ടമുണ്ടായ എല്ലാ കുടുംബങ്ങളെയും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തുന്നത്‌ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവരുൾപ്പെടെ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിതർക്ക് വീട്ടുപകരണങ്ങളടക്കം നൽകി താൽക്കാലിക പുനരധിവാസം ഉറപ്പാക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും ക്വാർട്ടേഴ്സുകൾ, സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകൾ എന്നിവ പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങൾ ഇതുവരെ ലഭ്യമാക്കി. വിവിധ തദ്ദേശഭരണ സ്ഥാപന പരിധിയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങൾ വാടക നൽകി ഉപയോഗിക്കാൻ കണ്ടെത്തിയിട്ടുണ്ട്. നൂറോളം വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. താൽക്കാലിക പുനരധിവാസത്തിന്‌ ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ നൽകാൻ തയ്യാറായ 53 വീടുകളുടെയും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  തൊഴിലാളി യൂണിയൻ, മാനേജ്മെന്റ്‌ പ്രതിനിധികളോട്‌ ഇവ പരിശോധിച്ച്‌, ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കുമെന്ന്‌ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. താൽക്കാലിക പുനരധിവാസത്തിന്‌ മേപ്പാടി, മുപ്പെനാട്, വൈത്തിരി, മുട്ടിൽ, അമ്പലവയൽ പഞ്ചായത്തുകളുടെയും കൽപ്പറ്റ നഗരസഭയുടെയും പരിധിയിലുള്ള പൂർണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ‘ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടകവീട്‌’ എന്ന ആവശ്യവുമായി സർവകക്ഷിയുടെ നേതൃത്വത്തിൽ വാടക വീടുകൾ അന്വേഷിക്കുന്നുണ്ട്‌. ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തിയ പ്രത്യേക കാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ അതിവേഗം ലഭ്യമാക്കി. പുനരധിവാസ പദ്ധതിയിലുൾപ്പെടാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ക്യാമ്പുകളിൽ ആരൊക്കെ കഴിയുന്നുവെന്ന്‌ നോക്കിയല്ല, ദുരന്തമേഖലയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂവിനിയോഗ രീതി നിശ്ചയിക്കുക 
പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം പരിശോധന നടത്തി വരുന്നതായും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ഭൂവിനിയോഗ രീതി നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും പരിശോധിച്ചു. മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോർട്ട് നൽകും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തും. എൻഐടി സൂറത്ത്‌കലുമായി ചേർന്ന്  അതിസൂക്ഷ്മ ലിഡാർ സർവേ നടത്തും. ഇതിലൂടെ ഭൂമിയുടെ ഉപരിതലവും അതിനു മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ ലഭിക്കും. ഈ വിവരങ്ങളുപയോഗിച്ച്‌ വിദഗ്‌ധ സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിന്റെ രീതികൾ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News