മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സജ്ജം: മുഖ്യമന്ത്രി
കണ്ണൂർ > കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തരംഗം കുട്ടികളെ ബാധിക്കുമെന്നതിനാൽ കരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ലാന്റും അതിഥി തൊഴിലാളികൾക്കായി നിർമിച്ച പ്രത്യേക വാർഡുകളും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഓക്സിജൻ കിട്ടാതെ പലരും മരിക്കുന്ന നില രാജ്യത്ത് പലയിടത്തുമുണ്ടായി. എന്നാൽ, ഇവിടെ ആരും അങ്ങിനെ മരിച്ചിട്ടില്ല. എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. കോവിഡിനൊത്ത് ജീവിക്കാൻ നാം നിർബന്ധിതരായി. ഒരു വേർതിരിവുമില്ലാതെ എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതാണ് കേരളത്തിന്റെ സവിശേഷത. അതിഥി തൊഴിലാളികൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. പിഎച്ച്‌സിമുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് കാലാനുസൃതമായി കരുത്ത് നേടാനാവണം. കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തി ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കൂടുതൽ പേരിൽ പരിശോധന നടത്തി പരമാവധി രോഗം കണ്ടെത്തുകയാണ് . മറ്റു സംസ്ഥാനങ്ങളിൽ പരിശോധന കുറവാണ്. കേരളത്തിലാണ് രോഗംബാധിച്ചവരുടെ എണ്ണം ഏറ്റവും കുറവ്. അതിനാൽ, ഇനി രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനാവണം. ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലക്ഷക്കണക്കിന് പേർക്കാണ് വാക്‌സിൻ നൽകിയത്. വാക്‌സിൻ പാഴാക്കാതെ ഉപയോഗിക്കാൻ കേരളത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com