വ്യവസായരംഗത്ത്‌ കേരളം മുന്നേറുന്നു



ന്യൂഡൽഹി വ്യവസായ രംഗത്ത് കേരളം  രാജ്യത്തിന്‌  മാതൃകയായ  മാറ്റത്തിന്റെ പാതയിൽ മുന്നേറുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  അനാവശ്യ ഇടപെടലുകൾ കാരണം സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ  ഇല്ലാതാക്കി. ഡിജിറ്റൽ മേഖലയിൽ സംസ്ഥാനം വൻ കുതിപ്പിലാണ്‌. വ്യവസായം, സാങ്കേതികവിദ്യ, സുസ്ഥിര വളർച്ച എന്നിവയുടെ പ്രധാന കേന്ദ്രമായി സംസ്ഥാനം  മാറുകയാണ്‌. വരുന്ന ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്‌റ്റ്‌ കേരള ആഗോള ഉച്ചകോടിക്ക്‌  മുന്നോടിയായി  32 രാജ്യത്തുനിന്നുള്ള സ്ഥാനപതിമാർ അടക്കമുള്ള  നയതന്ത്ര പ്രതിനിധികളുടെ  വട്ടമേശ സമ്മേളനം ഡൽഹിയിൽ  ഉദ്ഘാടനം  ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  സംസ്ഥാനത്തിന്റെ  വളർച്ചയെ നയിക്കുന്ന 22 മുൻഗണനാ മേഖല കണ്ടെത്തിയിട്ടുണ്ട്. ബയോ ടെക്‌നോളജിയും ലൈഫ് സയൻസസും മുതൽ എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗിക്കാവുന്ന ഊർജം വരെയുള്ള ഈ മേഖലകൾ   ശ്രദ്ധാപൂർവം തെരഞ്ഞെടുത്തതാണ്. ഈ മേഖലകളിൽ  നിക്ഷേപങ്ങളെ പിന്തുണയ്‌ക്കുന്നതിന് 18 ഇന ഉത്തേജനപാക്കേജ് നടപ്പാക്കി.  പ്രാദേശിക ജനസംഖ്യയിലെ  തൊഴിൽ ശക്തിയുടെ 50 ശതമാനത്തിലധികം ജോലി ചെയ്യുന്ന കമ്പനികൾക്ക് അധിക  പ്രോത്സാഹനം ലഭിക്കും. പരിസ്ഥിതിയോട്‌  ഉത്തരവാദിത്തമുള്ള വ്യാവസായിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ആനുകൂല്യങ്ങൾ  നൽകും. വലിയ തോതിലുള്ളതും തന്ത്രപ്രധാനവുമായ  പദ്ധതികൾക്ക്‌  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള  സമിതി ശുപാർശ ചെയ്യുന്ന പ്രോത്സാഹന ആനുകൂല്യങ്ങളും  ഉറപ്പാക്കുന്നുവെന്നും  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News