ലീഗ് തീവ്രവാദ ഭാഷ ഉപേക്ഷിക്കണം : മുഖ്യമന്ത്രി



കൊല്ലം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പുറത്ത് അവരുടെ തീവ്രവാദ ഭാഷ കരസ്ഥമാക്കാൻ ലീഗ് ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്‌ പ്രസിഡന്റായ സാദിഖലി തങ്ങളെയാണ് വിമർശിച്ചത്. ലീഗ് എസ്ഡിപിഐയോടും ജമാഅത്തെ ഇസ്ലാമിയോടും ഇതുപോലൊരു അനുകൂല സമീപനം മുമ്പ്‌ ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ എടുക്കുന്ന നിലപാടിൽ സാദിഖലി തങ്ങൾക്ക് പങ്കുണ്ട്. ഒരു രാഷ്ട്രീയപാർടി നേതാവെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തത്‌ ചെയ്താൽ വിമർശനം സ്വാഭാവികമാണ്. തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞാൽ അത് നാട്ടിൽ ചെലവാകുകയും ജനങ്ങൾ അംഗീകരിക്കുകയുമില്ല. സിപിഐ എം എല്ലാവിധ വർഗീയതയ്ക്കും എതിരാണ്. ആർഎസ്എസിനെയും ബിജെപിയെയും മാത്രമല്ല, എസ്ഡിപിഐയെയും എതിർക്കും. കാരണം പരസ്‌പര പൂരകമാണ് വർഗീയത. തലശേരി കലാപകാലത്ത് ജീവനും സമ്പത്തും വീടും നഷ്ടപ്പെട്ടവരുണ്ട്. എന്നാൽ, ജീവൻ നഷ്ടപ്പെട്ടത് സിപിഐ എമ്മിനു മാത്രമാണ്. ആരാധനാലയം സംരക്ഷിക്കാൻ കാവൽനിന്നപ്പോഴാണ്‌ യു കെ കുഞ്ഞിരാമൻ രക്തസാക്ഷിയായത്. ഇപ്പോൾ ആർഎസ്എസുകാരനായ ഒരാൾ പാലക്കാട്ട്‌ കോൺഗ്രസിലേക്ക് എത്തുന്നു. കോൺഗ്രസ്‌ അഖിലേന്ത്യ നേതൃത്വം പറന്നെത്തി സ്വീകരിച്ചു. ജനങ്ങൾ ഒറ്റദിവസത്തിൽ ഒന്നും മറക്കില്ല. യുഡിഎഫ് അണികൾക്കു പോലും അതിൽ പ്രയാസമുണ്ട്.  ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത വികാരമാണ് ഉയർന്നത്. ഇതിനു പരിഹാരമായി നേതാക്കൾ ആലോചിച്ചു കണ്ടെത്തിയത് ഇയാളെ മലപ്പുറത്ത് എത്തിക്കാനും പാണക്കാട് തങ്ങളെ കാണിക്കാനുമാണ്. അങ്ങനെ അണികളെ ശാന്തരാക്കാമെന്നാണ്‌ അവർ കരുതിയത്‌. വർഗീയതയുടെ പിന്തുണ വേണ്ടെന്നു പറയാൻ കഴിയാത്തനിലയിലാണ് കോൺഗ്രസ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കുള്ള എസ്ഡിപിഐ പിന്തുണ കോൺഗ്രസ് പരസ്യമായാണ്‌ സ്വീകരിച്ചത്. മറ്റൊരു കൂട്ടരായ ജമാഅത്തെ ഇസ്ലാമി കശ്മീരിൽ ബിജെപിക്ക് ഒപ്പം നിന്നവരാണ്. സിപിഐ എമ്മിന്റെ തരിഗാമിയെ തോൽപ്പിക്കാൻ അവർ കേന്ദ്രീകരിച്ചു. എന്നാൽ, ജനങ്ങൾക്ക് അറിയാവുന്ന നേതാവായതിനാൽ തരിഗാമി ജയിച്ചു. ജമാഅത്തെ ഇസ്ലാമി ഇവിടെ യുഡിഎഫിന് ഒപ്പമാണ്. നാലുവോട്ടിന് വർഗീയ ശക്തികളെ പിണക്കാതിരിക്കാനാണ് കോൺഗ്രസ് നോക്കുന്നത്–- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News