2 വർഷത്തിനകം 25,000 സ്റ്റാർട്ടപ്പുകൾ, ലക്ഷം തൊഴിൽ



തിരുവനന്തപുരം സംസ്ഥാന സർക്കാർ 2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച യൂത്ത്‌ പ്രൊഫഷണൽ മീറ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അടുത്ത 25 വർഷത്തിൽ ലോകത്തുണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്‌, ടെക്‌നോളജി, എൻജിനിയറിങ്‌, മാത്തമാറ്റിക്‌സ്‌) മേഖലകളിൽപ്പെട്ടതാകും. എട്ട്‌ വർഷത്തിൽ 5000 പുതിയ സ്റ്റാർട്ടപ്പുകളാണ്‌ ആരംഭിച്ചത്‌. 510 ഐടി കമ്പനികളും ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു. 34,000 കോടിയുടെ ഐടി കയറ്റുമതി 90,000 കോടിയിലേക്ക്‌ ഉയർന്നു. ഐടിക്ക്‌ പുറമേ വ്യവസായമേഖലയിലും കേരളം വളർച്ചയുടെ പാതയിലാണ്‌. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയത്‌ അതിന്റെ ഭാഗം. 17 ശതമാനമാണ്‌ ബിസിനസ്‌ വളർച്ച. മെഡിക്കൽ ഉപകരണങ്ങൾക്കായി ലൈഫ്‌ സയൻസ്‌ പാർക്കിന്റെ ഭാഗമായി സ്ഥാപിക്കുന്ന മെഡ്‌സ്‌ പാർക്ക്‌ 2025 മാർച്ചോടെ പൂർണസജ്ജമാകും. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ നാടിനുവേണ്ടി  ഉപയോഗപ്പെടുത്താനാകണം. തദ്ദേശീയ ഗവേഷണങ്ങളെ ഭാവിക്കായി ഉപയോഗിക്കണം. നവവൈജ്ഞാനിക സമൂഹത്തെ വളർത്തിയെടുക്കാൻ വ്യത്യസ്ത പ്രൊഫഷണൽ മേഖലകളിൽനിന്നുള്ളവരുടെ പിന്തുണയും സഹായവും മുഖ്യമന്ത്രി അഭ്യർഥിച്ചു. Read on deshabhimani.com

Related News