ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ അത് തുടരുന്നു; മുരളീധരന്‌ മറുപടിയുമായി മുഖ്യമന്ത്രി



തിരുവനന്തപുരം > മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിന്റെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് വി മുരളീധരന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടിരുന്നു. പങ്കെടുക്കാമെന്ന് അവർ സമ്മതം അറിയിച്ചു. കോൺഫറൻസിനുള്ള ലിങ്ക് അയച്ചു കൊടുത്തു. യോഗം തുടങ്ങിയപ്പോൾ ലിങ്കിൽ അദ്ദേഹത്തിന്റെ ക്യാമറയും ഉണ്ടായിരുന്നു. അദ്ദേഹം വേറൊരു പരിപാടിയിലാണ്, അൽപ്പ സമയത്തിനുള്ളിൽ പങ്കെടുക്കുമെന്നും സ്റ്റാഫ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. ഇവിടെ ചില ആക്ഷേപങ്ങൾ ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടു. പെയ്‌ഡ് ക്വാറന്റൈനിന് കേന്ദ്ര നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന് ശ്രീ. വി. മുരളീധരൻ പറഞ്ഞതായി കണ്ടു. 28 - 04 ‐ 2020 ന്റെ വാർത്താ സമ്മേളനത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞിരുന്നു. പ്രവാസികളെ വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നെന്ന് അന്ന് നമ്മൾ പറഞ്ഞു. 4-‐5‐-2020 ന് കാര്യങ്ങൾ മാറി. പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുന്നവരെ കൃത്യമായ പരിശോധനയില്ലാതെ നാട്ടിലെത്തിക്കുകയായിരുന്നു. അന്ന് ഇങ്ങനെ വരുന്നവർക്ക് പരിശോധന വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുൻതീരുമാനം സംസ്ഥാനത്തിന് മാറ്റേണ്ടി വന്നു. അന്ന് നിലവിൽ പ്രഖ്യാപിച്ച രീതിയിൽ വിമാനങ്ങൾ വന്നാൽ ആരെയും നേരെ വീടുകളിലേക്ക് അയക്കാനാവില്ല. ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റൈൻ വേണ്ടിവരും. പരിശോധനയില്ലാതെ ആളുകളെത്തുന്നുവെന്ന് ആര് നൽകിയ വിവരമെന്ന് പലരും ആക്ഷേപിച്ചു. എന്നാൽ വിമാനം എത്തിയതിന്റെ തൊട്ടടുത്ത ദിവസം ഇതിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുന്നു. കേന്ദ്രം അയച്ച സർക്കുലറും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ ഒപ്പ് വയ്ക്കുന്ന സത്യവാങ്മൂലവും ഇത്തരക്കാർ വായിച്ച് നോക്കണം. കേരളത്തിലെ ഹോം ക്വാറന്റൈൻ വിജയമാണോ പരാജയമാണോ എന്ന് ഇവിടെയുള്ളവർക്ക് അറിയാം. കേരളം പ്രവാസികൾക്ക് ഏഴ് ദിവസത്തെ മാത്രം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശിച്ചു. അന്നതിനെ കേന്ദ്രം എതിർത്തു. അതേ നിലപാട് കേന്ദ്രം ഇപ്പോൾ കൈക്കൊണ്ടില്ലേ? ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈൻ ആക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. പെയ്‌ഡ് ക്വാറന്റൈൻ സംസ്ഥാനം സ്വീകരിച്ച നിലപാടാണ്. താങ്ങാവുന്നവരിൽ നിന്ന് അതിന്റെ ഫീസ് വാങ്ങും. വരുന്നവരിൽ നല്ലൊരു വിഭാഗത്തിന് ആ ചെലവ് താങ്ങാനാവും. ആദ്യത്തെ ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. എല്ലാവരെയും ഹോം ക്വാറന്റൈനിലേക്ക് വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ചികിത്സ സൗജന്യമാണെന്നാണ് പറഞ്ഞത്. ഹോം ക്വാറന്റൈനിൽ പറ്റാത്തവർക്ക് സർക്കാർ ക്വാറന്റൈൻ എന്നാണ് പറഞ്ഞത്. ഒരു ടെസ്റ്റിന് നാലായിരത്തിലധികം രൂപ വരും. അതൊക്കെ സംസ്ഥാനം വഹിക്കും. Read on deshabhimani.com

Related News