കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു : മുഖ്യമന്ത്രി



തിരുവനന്തപുരം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ 51–-ാമത്‌ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്ക്‌ അർഹമായവ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്രം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്‌ നടത്തുന്നത്‌. സംഘപരിവാറിന്റെ ചൊൽപ്പടിക്ക്‌ നിൽക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ഓണച്ചെലവുമായി ബന്ധപ്പെട്ട പണം കൃത്യമായി ലഭ്യമാക്കാൻ കേന്ദ്രം നൽകേണ്ട കുടിശ്ശിക തന്നു തീർക്കേണ്ടതുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കേരളം നേരത്തെ തന്നെ കത്ത്‌ നൽകിയതാണ്‌.  കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി പോലും ലഭിക്കുന്നില്ല. സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ ശരാശരി എടുത്താൽ 55 ശതമാനം തനത്‌ വരുമാനവും 45 ശതമാനം കേന്ദ്രം നൽകുന്നതുമാണ്‌. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വരുമാനത്തിൽ 75 ശതമാനവും തനത്‌ വരുമാനമാണ്‌. 25 ശതമാനം മാത്രമാണ്‌ കേന്ദ്രവിഹിതം. ഈ സാമ്പത്തിക വർഷം 81 ശതമാനം വരെയായി ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. സംസ്ഥാനത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ തന്നെ തടസം സൃഷ്‌ടിക്കുന്നതാണിത്‌. എന്നാൽ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. രാജ്യത്തെ പബ്ലിക്‌ സർവീസ്‌ കമീഷനുകൾക്ക്‌ മാതൃകയാണ്‌ കേരള പിഎസ്‌സി. കഴിഞ്ഞ വർഷം രാജ്യത്ത്‌ നടന്ന പിഎസ്‌സി നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണ്‌.  സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ശക്‌തമായ നയങ്ങളുമായാണ്‌ സംസ്ഥാന സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. ഹേമകമ്മിറ്റി രൂപീകരിച്ചത്‌ എൽഡിഎഫ്‌ സർക്കാർ ആയതുകൊണ്ട്‌ മാത്രമാണ്‌. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട്‌ മാതൃകയാക്കുന്നു. റിപ്പോർട്ടിന്മേലുള്ള നയപരമായ പരിശോധനകൾ തുടർന്നു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News