പുനരധിവാസം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്‌ക്ക്‌ പ്രത്യേക പാക്കേജ്‌ വേണമെന്ന്‌ മുഖ്യമന്ത്രി



കൽപ്പറ്റ രാജ്യം  ദുരന്തബാധിതർക്കൊപ്പമാണെന്നും സാധ്യമായതെല്ലാം കേന്ദ്രം ചെയ്യുമെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  മുണ്ടക്കൈയിലെ ദുരന്തമേഖല സന്ദർശിച്ചശേഷം കലക്റ്ററേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്‌. പണം തടസ്സമാകില്ല. ദുരന്തത്തിൽപ്പെട്ടവരെ സംരക്ഷിക്കുകയെന്നത്‌  ഉത്തരവാദിത്വമാണെന്നും ആവശ്യങ്ങൾ ഉൾപ്പെടുത്തി കേരളം നിവേദനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ പ്രധാനമന്ത്രി മൗനം പുലർത്തിയത്‌ നിരാശപടർത്തി. വയനാടിന്റെ ദുരന്തം ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ദൃശ്യങ്ങളുടെ സഹായത്തോടെ  വിവരിച്ചു. കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്‌ക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ആഘാതവും വ്യാപ്‌തിയും കണക്കിലെടുത്ത്‌ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിക്കണമെന്നും അതിനനുസരിച്ച സഹായം നൽകണമെന്നും അഭ്യർഥിച്ചു. നിവേദനവും നൽകി.  നേരത്തെ പകൽ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവിടെനിന്ന്‌ ഹെലികോപ്‌ടറിൽ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല മേഖലകളിൽ ആകാശ നിരീക്ഷണം നടത്തി. പിന്നീട്‌ റോഡ്‌ മാർഗം ചൂരൽമലയിലെത്തി നടന്നുകണ്ടു. മേപ്പാടി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലെ ക്യാമ്പിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു. വിംസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കണ്ടു.      മുഖ്യമന്ത്രി, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരും ദുരന്തമേഖലാ സന്ദർശനത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂരിൽനിന്ന്‌ ഹെലികോപ്ടറിലാണ്‌ എല്ലാവരും എത്തിയത്‌. സന്ദർശനത്തിനുശേഷം വൈകിട്ട്‌ അഞ്ചോടെ പ്രധാനമന്ത്രി ഹെലികോപ്‌ടറിൽ കണ്ണൂരിലേക്കും തുടർന്ന്‌ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ  ഡൽഹിയിലേക്കും മടങ്ങി. പ്രതീക്ഷയിൽ കേരളം കൽപ്പറ്റ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പൂർണ സംതൃപ്തിയാണെന്നും അർഹമായ സഹായം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ.  ദുരന്തത്തിന്റെ വ്യാപ്തി  പ്രധാനമന്ത്രി നേരിൽ മനസ്സിലാക്കി. 1979ൽ മോർബി അണക്കെട്ട്‌ തകർന്നുണ്ടായ ദുരന്തത്തിൽ വളന്റിയറായ അനുഭവം ഓർത്തെടുത്താണ്‌ പ്രധാനമന്ത്രി സംസാരിച്ചത്‌. ഇതിൽനിന്നുതന്നെ വയനാട്‌ ദുരന്തത്തെ ഗൗരവത്തോടെയാണ്‌ അദ്ദേഹം കാണുന്നതെന്നാണ് മനസ്സിലാകുന്നത്‌.  എല്ലാ സഹായവും ഉണ്ടാകുമെന്ന ഉറപ്പാണ്‌ പ്രധാനമന്ത്രി നൽകിയത്‌.  കേരളത്തിന്റെ നിവേദനവും നൽകിയിട്ടുണ്ട്‌. സാങ്കേതികമായ ചില നടപടിക്രമം മാത്രമാണ്‌  ബാക്കിയുള്ളത്‌. അത്‌ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.  മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ്‌ റിയാസ്‌, ഒ ആർ കേളു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News