പ്ലസ്‌വൺ : നിശബ്ദരായി ‘കലാപക്കാർ’ ; മലപ്പുറത്ത്‌ മാത്രം 7642 സീറ്റ്‌ ബാക്കി



തിരുവനന്തപുരം സീറ്റിന്റെ പേരിൽ അനാവശ്യ കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനനടപടികൾ പൂർത്തിയായി. 53,253 സീറ്റുകളാണ്‌ സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്നത്‌. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി ഈ വർഷം 3,88,634 പേർ പ്രവേശിച്ചു. മൊത്തം 4,66,071 അപേക്ഷകരിൽ 44,410 വിദ്യാർഥികൾ ഒന്നിലധികം സീറ്റുകളിലേക്ക്‌ അപേക്ഷിച്ചവരായിരുന്നു.  കൂടുതൽ അപേക്ഷകരുള്ള ഏഴ്‌ ജില്ലകളിൽ 20 ശതമാനം സീറ്റ്‌ വർധന ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ഒരു വിദ്യാർഥിക്കും പ്രവേശനത്തിന്‌ തടസമുണ്ടാകാത്ത തരത്തിൽ ആവശ്യാനുസരണം താൽകാലിക ബാച്ച്‌ അനുവദിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിരുന്നു. അവസാന ഘട്ടത്തിൽ മലപ്പുറത്ത്‌ 74 സർക്കാർ സ്‌കൂളിലും കാസർകോട്‌ 18 സർക്കാർ സ്‌കൂളിലും പുതിയ ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്ത്‌ ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും ലഭിച്ചു. സയൻസ്‌ കോമ്പിനേഷനിൽ ആവശ്യത്തിന്‌ സീറ്റ്‌ നേരത്തേ തന്നെയുണ്ടായിരുന്നു.  പത്താം ക്ലാസ്‌ ഫലം വന്നയുടൻ സർക്കാർ പ്രഖ്യാപിച്ചതുപ്രകാരം സീറ്റ്‌വർധന നടപ്പാക്കിയിരുന്നു. എന്നാൽ, പ്രതിപക്ഷ സംഘടനകൾ വ്യാപകമായി തെറ്റിദ്ധാരണ പരത്തി കുട്ടികളെ തെരുവിലിറക്കി. രാഷ്‌ട്രീയ മുതലെടുപ്പ്‌ ലക്ഷ്യമിട്ട്‌ എംഎസ്‌എഫും കെഎസ്‌യുവും അടക്കമുള്ളവർ അക്രമസമരവുമായി രംഗത്തെത്തി. യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും അതിന്‌ ചൂട്ട്‌പിടിക്കുകയും ചെയ്‌തു. അതേസമയം, നടത്തിയത്‌ സമരാഭാസമായിരുന്നുവെന്ന്‌  നാട്ടുകാർക്ക്‌ ബോധ്യമായതോടെ ന്യായീകരണവുമായി സമരത്തിന്‌ നേതൃത്വം കൊടുത്ത യൂത്ത്‌ ലീഗ്‌ നേതാവ്‌ അഷറലി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ബാക്കിവന്ന സീറ്റുകളിൽ ഭൂരിപക്ഷവും അൺഎയ്‌ഡഡ്‌ സ്കൂൾ അല്ലേയെന്നാണ്‌ ചോദ്യം. ഇവരുടെ ന്യായീകരണ കുറിപ്പിൽ തന്നെ മലപ്പുറത്ത്‌ 2133 സർക്കാർ സ്കൂൾ സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നുവെന്ന്‌ സമ്മതിക്കുന്നുണ്ട്‌. സമരാഭാസം നടത്തിയവർ അന്ന്‌ പറഞ്ഞത്‌ മലപ്പുറത്തെ കുട്ടികൾ തെക്കൻ ജില്ലകളിൽ പോയി പഠിക്കേണ്ടി വരുമെന്നായിരുന്നു. Read on deshabhimani.com

Related News