അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും മോഷ്ടിക്കൽ: പ്രതി പിടിയിൽ
മലപ്പുറം> അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും മോഷ്ടിച്ച് മുങ്ങിയ ആളെ കാളികാവ് പൊലീസ് പിടികൂടി. പാണ്ടിക്കാട് കൊളപ്പറമ്പ് കുന്നുമ്മൽ സുനീർ ബാബു ( സുനിൽ ബാബു - 40) വിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 18 ന് ചെങ്കോടുള്ള ആളൊഴിഞ്ഞ വീട്ടിൽ ജോലിക്കെന്ന് പറഞ്ഞ് അഥിതി തൊഴിലാളികളെ എത്തിച്ച്‌പറമ്പിലെ പുല്ല് വെട്ടുന്നതിനിടെ തൊഴിലാളികളുടെ പണവും മൊബൈലും സൂക്ഷിച്ച സഞ്ചിയുമായി ഇയാൾ മുങ്ങുകയായിരുന്നു. തൊഴിലാളികളുടെ അയ്യായിരം രൂപയും പതിനയ്യായിരം വിലയുള്ള മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ച്. സംഭവത്തിൽ പൊലീസ് ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. സംഭവം നടന്ന ദിവസം മുതൽ സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ മുഖേന നടത്തിയ അന്വേഷണത്തിലും മൊബൈൽ ഗൂഡല്ലൂരിൽ വിൽപ്പന നടത്തിയതായി തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിനിടെ പ്രതി കോഴിക്കോട് പന്നിയങ്കരയിലെ ഒരു ഹോട്ടലിലുണ്ടെന്ന് ഉറപ്പു വരുത്തി. തുടർന്ന് കാളികാവ് പൊലീസ് പ്രതിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും പന്നിയങ്കര പൊലീസിന് കൈമാറി. പൊലീസ് ഹോട്ടലിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കാളികാവ് പൊലീസിന് കൈമാറി. വിവിധ സ്ഥലങ്ങളിലായി പോക്സോ കേസും പതിനഞ്ചോളം മോഷണക്കേസുകളും ഇയാൾക്കെതിരെയുണ്ട്. എസ്ഐ മാരായ സി സുബ്രമണ്യൻ, വി ശശിധരൻ, സിപിഒ മാരായ പി വിനു, വി വ്യതീഷ്, റിജേഷ്, മധു ശ്രീധർ, നൗഷാദ്, തുടങ്ങിയവരുടെ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. Read on deshabhimani.com