എം ആർ അജിത്കുമാറിനെതിരായ ആരോപണം ; ഡിജിപി അന്വേഷിക്കും
തിരുവനന്തപുരം/ കോട്ടയം ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത്. അച്ചടക്കലംഘനം നടത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സ്ഥലം മാറ്റാനും തീരുമാനമായി. ചുമതല നൽകിയിട്ടില്ല. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി ജി വിനോദ്‌കുമാറിനെ നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി ജി സ്‌പർജൻകുമാർ, തൃശൂർ ഡിഐജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എസ് മധുസൂധനൻ, തിരുവനന്തപുരം സ്‌പെഷ്യൽബ്രാഞ്ച് എസ്‌പി എ ഷാനവാസ് എന്നിവർ അന്വേഷണത്തിൽ പൊലീസ് മേധാവിയെ സഹായിക്കും. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു. പൊലീസ് സേനയിലെ ചിലരെക്കുറിച്ച് ഉയർന്ന പരാതികൾ ഏറ്റവും ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സേനയുടെ അച്ചടക്കം വളരെ പ്രധാനമാണെന്നും അതിന് നിരക്കാത്ത പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ജനകീയവൽക്കരിച്ച പൊലീസാണ് സർക്കാരിന്റെ ലക്ഷ്യം. ഏറ്റവും താഴേക്കിടയിലുള്ളവർക്കും നീതി ലഭ്യമാക്കണം. രാജ്യത്തെ മികച്ച സേനയാണ് കേരളത്തിലേത്. മുമ്പൊക്കെ ഇടയ്‌ക്കിടെ ക്രമസമാധാന നിലവിളി ഉയരുമായിരുന്നു. ഇപ്പോൾ അതില്ല. ക്രമസമാധാനം എന്ന വിഷയം ഒരാൾക്കും ഉന്നയിക്കാനാകാത്ത വിധം ഭദ്രമായ സാമൂഹ്യജീവിതം ഉറപ്പാക്കുന്നു. ശാസ്‌ത്രീയ കുറ്റാന്വേഷണത്തിലൂടെ മികവ് പുലർത്താനും കഴിയുന്നു. ലഹരി, മയക്കുമരുന്ന് റാക്കറ്റുകളെ ഇല്ലായ്‌മ ചെയ്യുന്നതിൽ മാതൃകയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റമറ്റ അന്വേഷണം നടക്കുന്നു. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടികളെടുക്കുന്നു. എത്ര ഉന്നതരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് ആരെയും ഭയക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾക്ക് ബാഹ്യ ഇടപെടൽ വിലങ്ങുതടിയാകുന്നില്ല–- മുഖ്യമന്ത്രി പറഞ്ഞു. പുഴുക്കുത്തുകൾക്കെതിരെ വിട്ടുവീഴ്‌ചയില്ല: മുഖ്യമന്ത്രി കേരള പൊലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേനയിൽ ഏറിയ കൂറും സത്യസന്ധതയോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. ഇതിനോട് മുഖംതിരിഞ്ഞു നിൽക്കുന്ന ചെറുവിഭാഗമുണ്ട്. ഇത്തരക്കാരുടെ പെരുമാറ്റമാണ് സേനയെ കളങ്കപ്പെടുത്തുന്നത്. ഒരാളുടെ തെറ്റ് സേനയ്‌ക്കാകെ അപമാനമാകും. പുഴുക്കുത്തുകളെ ജനകീയ സേനയിൽനിന്ന് ഒഴിവാക്കും. എട്ടുവർഷംകൊണ്ട് ഇത്തരത്തിൽ 108 പേരെ ഒഴിവാക്കി. വിട്ടുവീഴ്‌ചയില്ലാത്ത നടപടി ഇനിയും വരും. Read on deshabhimani.com