പൊന്നാനിയിൽ 350 പവൻ മോഷണം: 3 പേർ റിമാൻഡിൽ
തിരൂർ പൊന്നാനിയില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി പൊന്നാനി കരിമ്പനയിൽ വാടക വീട്ടിൽ താമസിക്കുന്ന രായൻമരക്കാർ സുഹീൽ (സുഹൈൽ–-46), പൊന്നാനി കടവനാട് മുക്രിയം കറുപ്പം വീട്ടിൽ അബ്ദുൾ നാസർ (48), പാലക്കാട് കാവശേരി പാലത്തൊടി എം മനോജ് (41) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം ബുധനാഴ്‌ച അറസ്റ്റുചെയ്തത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി അമ്പതോളം കേസുകളിൽപ്പെട്ടയാളാണ് മുഖ്യപ്രതി സുഹൈൽ. പാലക്കാട് കോടതിയിലെ മോഷണക്കേസിൽ ജാമ്യത്തിലെടുക്കാനെത്തിയതാണ് മനോജിലേക്ക് വഴിതുറന്നത്. സുഹൈലും മനോജും തമ്മിലുള്ള ഫോൺകോൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു. മോഷണമുതൽ വിൽക്കാൻ കൂട്ടുനിന്നതിനാണ് നാസർ അറസ്‌റ്റിലായത്. പ്രതികളിൽനിന്ന് 1200 ഗ്രാം സ്വർണാഭരണവും ഏഴര ലക്ഷം രൂപയും കണ്ടെടുത്തു. മോഷണശേഷം പ്രതികൾ രണ്ട് ഇരുചക്രവാഹനങ്ങൾ വാങ്ങിയതായും ഭൂമി വാങ്ങിയതായും കണ്ടെത്തി. വാഹനങ്ങൾ കസ്‌റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുള്ളതായും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 13നാണ് പൊന്നാനി ഐശ്വര്യ തിയറ്ററിനുസമീപം പ്രവാസി ബിസിനസുകാരൻ മണപറമ്പിൽ രാജീവിന്റെ വീട്ടിൽ മോഷണംനടന്നത്. Read on deshabhimani.com