സർവമത സമ്മേളനത്തെ ആശീർവദിച്ച് മാർപാപ്പ; മതപാർലമെന്റോടെ ഇന്ന് സമാപനം
വർക്കല > ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ. ശനി ഇന്ത്യൻ സമയം പകൽ 1.30നാണ് അദ്ദേഹം അഭിസംബോധന ചെയ്‌തത്. വത്തിക്കാൻ സ്‌ക്വയറിൽ പകൽ 2.30ന് ചേർന്ന സർവമത സമ്മേളനത്തിലെ പ്രത്യേക സെഷനുകൾ കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്‌തു. ഗുരു രചിച്ച ‘ദൈവദശകം' പ്രാർഥനാസമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റി ആലപിച്ചു. ശിവഗിരിമഠം സച്ചിദാനന്ദ സ്വാമി അധ്യക്ഷനായി. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമ്മേളന ലക്ഷ്യങ്ങൾ വിശദീകരിച്ചു. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ "സർവമത സമ്മേളനം' എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷയും "ഗുരുവും ലോകസമാധാനവും' പുസ്‌തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്‌തു. ഫാ. മിഥുൻ ജെ ഫ്രാൻസിസ് മോഡറേറ്ററായി. ആർച്ച് ബിഷപ് ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്‌പീക്കർ യുടി ഖാദർ, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. ഡേവിസ് ചിറമ്മൽ എന്നിവർ സംസാരിച്ചു. സമാപന ദിവസമായ ഞായറാഴ്‌ചയാണ് മതപാർലമെന്റ്. Read on deshabhimani.com