"അമ്മ' തലയും നട്ടെല്ലുമില്ലാത്ത സംഘടന: പത്മപ്രിയ
തിരുവനന്തപുരം > ഹേമാകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മറുപടിപടിയെല്ലാതെ കൂട്ടരാജിവച്ച താരസംഘടന അമ്മയുടെ നടപടി നിരുത്തരവാദപരമെന്ന് നടി പത്മപ്രിയ. സംഘടയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പത്മപ്രിയ തുറന്നടിച്ചു. കൂട്ടരാജി ഞെട്ടലാണുണ്ടാക്കിയത്, അത് പ്രതീക്ഷിച്ചിരുന്നില്ല. ധാർമികതയുടെ പേരിലാണീ നീക്കമെന്നാണ് വിശദീകരണം. എന്നാൽ എന്ത് ധാർമികതയാണിതിന് പിന്നിലെന്ന് മനസ്സിലാകുന്നില്ല. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം നടത്തട്ടെയെന്ന് പത്മപ്രിയ പ്രതികരിച്ചു. ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ വ്യക്തതയുണ്ടാകണമെന്നും പത്മപ്രിയ പറഞ്ഞു. Read on deshabhimani.com