പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം:നിയമസഭാ സമിതി



തിരുവനന്തപുരം > പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് കെ വി അബ്ദുള്‍ഖാദര്‍ ചെയര്‍മാനായ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയായും 5000 രൂപയായും വര്‍ധിപ്പിക്കണം. നിലവിലിത് അഞ്ഞൂറും ആയിരവും ആണ്. ഗള്‍ഫ് പ്രതിസന്ധിയില്‍ മടങ്ങിയെത്തുന്ന  പ്രവാസികള്‍ക്കുള്ള പുനരധിവാസപദ്ധതി കാലോചിതമായി പരിഷ്കരിക്കണം. പ്രവാസിക്ഷേമ പെന്‍ഷനായി കേന്ദ്രസഹായം ലഭ്യമാക്കണം. ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തണം. അംശാദായം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍വഴി തുക അടയ്ക്കാന്‍ അവസരം ഒരുക്കണം. എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക സെല്‍ ആരംഭിക്കണം. വ്യാജ റിക്രൂട്ട്മെന്റ്, വിസതട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെ വ്യാപക ബോധവല്‍ക്കരണം നടത്തണം. മുംബൈ കേരള ഹൌസിലെ ഹാള്‍ മലയാളി സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് അനുവദിക്കുമ്പോള്‍ വാടകയില്‍ 50 ശതമാനം ഇളവ് അനുവദിക്കണം. പ്രവാസി കമീഷന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണം. പ്രവാസി നിയമസഹായ പദ്ധതി പുനരാരംഭിക്കണമെന്നും നിയമസഭാ സമിതി ശുപാര്‍ശചെയ്തു. 22ന് കോഴിക്കോട്ട് സമിതി സിറ്റിങ് നടത്തുമെന്ന് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളെ അറിയിച്ചു. സമിതി അംഗങ്ങളായ എം രാജഗോപാലന്‍, പാറക്കല്‍ അബ്ദുള്ള, വി അബ്ദുള്‍ റഹ്മാന്‍, കാരാട്ട് റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. Read on deshabhimani.com

Related News