നിത്യഹരിത നായകന്റെ 
ജനനം 1929 !

ചിറയിൻകീഴ് പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 
പ്രേംനസീറിന്റെ ഛായാചിത്രത്തിന് ഒപ്പം സംവിധായകൻ ആർ ശരത്, 
തിരക്കഥാകൃത്ത് വിനു എബ്രഹാം, ഛായാഗ്രാഹകൻ ലാൽ കണ്ണൻ എന്നിവർ


തിരുവനന്തപുരം > എന്നായിരിക്കും മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ജന്മശതാബ്ദി? പുസ്‌തകങ്ങളിലും വെബ്‌സൈറ്റുകളിലും ജനനതീയതി പലതാണ്‌.  പഠിച്ച രണ്ട്‌ സ്‌കൂളിലും എസ്‌ ബി കോളേജിലും പാസ്‌പോർട്ടിലുമുള്ള തീയതി 1929 ആണെന്ന്‌ കണ്ടെത്തിയതായി എഴുത്തുകാരൻ വിനു എബ്രഹാം പറഞ്ഞു. പ്രേംനസീറിനെക്കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്‌ കണ്ടെത്തൽ.  കൊല്ലം വർഷം 1104 മീനം 10 എന്നായിരുന്നു രേഖകളിൽ. അക്കാലത്ത്‌ തീയതി കണക്കാക്കിയിരുന്നത്‌ കൊല്ലവർഷ പഞ്ചാംഗം ഉപയോഗിച്ചായിരുന്നു. പ്രേംനസീർ പഠിച്ച ചിറയിൻകീഴ്‌ പ്രേംനസീർ മെമ്മൊറിയൽ ഗവ. എച്ച്‌എസ്‌എസിൽ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ ജനനം 1929 ആണെന്ന്‌ രേഖപ്പെടുത്തിയതാണ്‌ വഴിത്തിരിവായത്‌. തുടർന്ന്‌ അദ്ദേഹം  പഠിച്ച നോബിൾ ഗ്രൂപ്പ്‌ ഓഫ്‌ സ്‌കൂൾസിലും (അന്നത്തെ ശ്രീ ചിത്തിര ബോയ്‌സ്‌ ഹൈസ്‌കൂൾ), ചങ്ങനാശേരി എസ്‌ ബി കോളേജിലെയും രജിസ്‌റ്ററുകൾ പരിശോധിച്ചതായും  വിനു എബ്രഹാം പറഞ്ഞു. ഒരേ വർഷമാണ്‌ ഇവിടങ്ങളിൽ  നൽകിയത്‌. മകളുടെ പക്കൽനിന്ന്‌ ലഭിച്ച പാസ്‌പോർട്ടിലും 1929 തന്നെ.  സിനിമയിൽ 25 വർഷം പൂർത്തിയാക്കിയതിനുശേഷം പ്രേംനസീർ എഴുതിയ എന്റെ ജീവിതം എന്ന ആത്മകഥയിലും പ്രേംനസീറിന്റെ മരണശേഷം  മകൾ ലൈല റഷീദും പി സക്കീർഹുസൈനും ചേർന്ന്‌ എഴുതിയ ‘ഇതിലേ പോയത്‌ വസന്തം ’ എന്ന പുസ്‌തകത്തിലും ജനന തീയതി 1927 ഏപ്രിൽ 7 എന്നാണ്‌ ചേർത്തിരുന്നത്‌.  ആർ ശരത്‌ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ഇംഗ്ലീഷിലാണ്‌ പുറത്തിറങ്ങുന്നത്‌. ശ്രീപ്രകാശ്‌ മേനോന്റെ നേതൃത്വത്തിൽ ആണ്‌ നിർമാണം. Read on deshabhimani.com

Related News