ചലച്ചിത്ര അക്കാദമി ; താൽക്കാലിക ചെയർമാനായി പ്രേംകുമാർ ചുമതലയേറ്റു
തിരുവനന്തപുരം ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി നിലവിലെ വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചുമതലയേറ്റു. ചെയർമാൻ രഞ്ജിത്തിന്റെ രാജിയെത്തുടർന്നാണ് തനിക്ക് താൽക്കാലിക ചുമതല നൽകിയതെന്ന് പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു. അക്കാദമിയുടെ മുൻപിൽ കുറേ പ്രോജക്റ്റുകളുണ്ട്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പരിപാടികൾക്ക് ഭഗീരഥപ്രയത്നം വേണ്ടിവരും. അത്ര സന്തോഷത്തോടെയല്ല ഈ കസേരയിൽ ഇരിക്കുന്നത്. ചുമതല ആത്മാർഥതയോടെ നിറവേറ്റും. സിനിമാ മേഖലയെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. സിനിമയെ സ്‌നേഹിക്കുന്നവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലാണ്. സർക്കാർ എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടുന്നുണ്ട്. ജസ്‌റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്നായിരുന്നു സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു ട്രൈബ്യൂണൽ എന്നത്. സർക്കാർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com