രാഹുൽ പാലിക്കാത്ത വാഗ്‌ദാനം ആവർത്തിച്ച് പ്രിയങ്ക
കൽപ്പറ്റ രണ്ട് തെരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധി നൽകിയ, പാലിക്കാത്ത ഉറപ്പുകൾ ആവർത്തിച്ച് വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. കോഴിക്കോട്–-കൊല്ലഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നിവയ്‌ക്ക് പരിഹാരമുണ്ടാക്കുമെന്നും വയനാട് മെഡിക്കൽ കോളേജ് വികസനം സാധ്യമാക്കുമെന്നുമാണ് റോഡ് ഷോയ്‌ക്കുശേഷം പ്രിയങ്ക പറഞ്ഞത്. രാഹുൽ 2019ലെ തെരഞ്ഞെടുപ്പിൽ നൽകിയ പ്രധാന വാഗ്‌ദാനങ്ങളായിരുന്നു ഇവ. വയനാട്ടിലേക്ക് റെയിൽവേലൈൻ കൊണ്ടുവരുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഒന്നും നടപ്പായില്ല. 2024ലും രാഹുൽ ഇത് ആവർത്തിച്ചു. വിജയിച്ചപ്പോൾ മണ്ഡലംതന്നെ ഉപേക്ഷിച്ചു. ഇപ്പോൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ സഹോദരിയും രാഹുലിന്റെ വാഗ്‌ദാനങ്ങൾ ഏറ്റുചൊല്ലുകയാണ്. ‘ഇതെന്റെ പുതിയ യാത്രയാണ്. വയനാടിനെ നയിക്കാൻ അവസരം നൽകിയാൽ ആദരമായി കണക്കാക്കും. സഹോദരന് നൽകിയ പിന്തുണ എനിക്കും നൽകണം. വയനാട് എന്റെ കുടുംബം പോലെയാണ്’–-പ്രിയങ്ക പറഞ്ഞു. സ്ഥാനാർഥിയാക്കിയതിന് കോൺഗ്രസ് പ്രസിഡന്റിനോടും സ്വന്തം കുടുംബത്തോടും പ്രിയങ്ക നന്ദി പറഞ്ഞു. ലോക്‌സഭയിൽ വയനാടിന് രണ്ട് പ്രതിനിധികൾ ഉണ്ടാകുമെന്ന് രാഹുൽഗാന്ധി എംപി പറഞ്ഞു. ‘‘വയനാടിന്റെ ഔദ്യോഗിക പ്രതിനിധിക്കൊപ്പം അനൗദ്യോഗിക പ്രതിനിധിയായി ഞാനുമുണ്ടാകും. പ്രിയപ്പെട്ടവർക്കായി എന്റെ സഹോദരി എന്തുംചെയ്യും’’–- രാഹുൽ പറഞ്ഞു. Read on deshabhimani.com