അൻവറിനെവിട്ട് പ്രിയങ്കയ്ക്ക് പിന്നാലെ ; വിമതരെയും അക്രമങ്ങളെയും മുക്കി മാധ്യമങ്ങൾ



തിരുവനന്തപുരം വയനാട്‌ മാത്രമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി മാത്രമാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നുമുള്ള പ്രതീതി പരത്തി ഭൂരിപക്ഷം മാധ്യമങ്ങളും. കോൺഗ്രസിനെ പരമാവധി സഹായിക്കാനുള്ള   കരുതലാണ്‌  മാധ്യമങ്ങളുടെ  പ്രിയങ്ക സ്‌പോൺസേഡ്‌ വാർത്തകളിൽ നിറയുന്നത്‌.  പ്രിയങ്ക ഗാന്ധി വയനാട്ടിൽ വന്നിറങ്ങുന്നതും വീടുകളിൽ അപ്രതീക്ഷിത അതിഥിയാകുന്നതും തത്സമയം നൽകാനുള്ള മത്സരത്തിലായിരുന്നു ബുധനാഴ്‌ച ചാനലുകൾ. ഇതിലൂടെ കോൺഗ്രസിലെ വിമത ശബ്ദങ്ങളും ബിജെപിയിലെ തമ്മിലടിയും നാട്ടിലെ ജനകീയ പ്രശ്നങ്ങളും സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളുടെ പൂർത്തീകരണവും ഈ തെരഞ്ഞെടുപ്പുകാലത്ത്‌ വാർത്തായാക്കാതിരിക്കാനാണ്‌ വലതുപക്ഷ മാധ്യമങ്ങളുടെ സംഘടിതനീക്കം. പാലക്കാട്‌ വി ഡി സതീശന്റെ യും കോൺഗ്രസ്‌ നേതൃത്വത്തിന്റെയും പിടിപ്പുകേടും ആർഎസ്‌എസ്‌ കൂട്ടുകെട്ടും അക്കമിട്ട്‌ നിരത്തി കോൺഗ്രസ്‌ നേതാക്കൾ തുടർച്ചയായി രംഗത്തുവന്നിട്ടും ഈ മാധ്യമങ്ങൾക്കത്‌ വാർത്തയേ അല്ല. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എ കെ ഷാനിബ്‌ വിമതനായി മത്സരിക്കുന്നുവെന്ന വാർത്ത മുഖ്യധാര മാധ്യമങ്ങളിൽ കണ്ടുപിടിക്കാൻ പാടുപെടണം. ബിജെപി കോൺഗ്രസ്‌ ഡീൽ സംബന്ധിച്ച്‌ കോൺഗ്രസ് നേതാക്കൾ തന്നെ തുറന്നുപറഞ്ഞതോടെ നേതൃത്വം മറുപടിയില്ലാതെ പരുങ്ങിയപ്പോഴാണ്‌ വാർത്ത മുക്കി മാധ്യമങ്ങൾ രക്ഷാകവചം തീർക്കുന്നത്‌. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി പി സരിനെ പിന്തുണച്ചതിന്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ശ്രീജിത്‌ ബാബുവിനെ വളഞ്ഞിട്ട്‌ ആക്രമിച്ചതും മാധ്യമങ്ങൾ മുക്കി.  സിപിഐ എമ്മിനെതിരെ പറഞ്ഞതുകൊണ്ട്‌ അൻവറിനെ 24 മണിക്കൂറും തത്സമയം സ്‌തുതിച്ചവർ, കോൺഗ്രസിന്‌ തലവേദനയായതോടെ അൻവറിനെയും മുക്കി. ചേലക്കരയിൽ യു ആർ പ്രദീപ്‌ പത്രിക നൽകിയതോ പാലക്കാട്‌ പ്രചാരണം കൊടുമ്പിരിക്കൊണ്ടതോ ഒന്നും പല ചാനലുകളും അറിഞ്ഞമട്ടില്ല. Read on deshabhimani.com

Related News