പ്രൊഫ. സി ടി കുര്യന്റെ
 സംസ്‌കാരം നാളെ



കൊച്ചി അന്തരിച്ച സാമ്പത്തികശാസ്‌ത്രജ്ഞൻ പ്രൊഫ. സി ടി കുര്യന്റെ സംസ്‌കാരം വെള്ളി പകൽ 3.30ന്‌ എറണാകുളം ബ്രോഡ്‌വേയിലുള്ള സിഎസ്ഐ ഇമ്മാനുവൽ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. കോലഞ്ചേരി മെഡിക്കൽ മിഷനിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ചയാണ്‌ അന്തരിച്ചത്‌. ആശുപത്രി മോർച്ചറിയിൽനിന്ന്‌ മൃതദേഹം വെള്ളി പകൽ ഒന്നിന്‌ സിഎസ്‌ഐ ഇമ്മാനുവൽ കത്തീഡ്രലിൽ കൊണ്ടുവരും. അമേരിക്കയിലുള്ള മകൾ പ്രൊഫ. പ്രേമയും അവരുടെ മകനും വ്യാഴാഴ്‌ച എത്തും. ബ്രിട്ടനിലുള്ള മറ്റൊരു മകൾ പ്രിയ ആശുപത്രിയിലെത്തി. പ്രൊഫ. സി ടി കുര്യന്റെ മരണവിവരമറിഞ്ഞ്‌ ശിഷ്യരും സുഹൃത്തുക്കളും ഉൾപ്പെടെ പ്രമുഖർ ബന്ധുക്കളെ ഫോണിൽ വിളിച്ചും നേരിട്ടെത്തിയും അനുശോചനം അറിയിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌, സംസ്ഥാന ആസൂത്രണ ബോർഡ്‌ ഡെപ്യൂട്ടി ചെയർമാൻ വി കെ രാമചന്ദ്രൻ, സാമ്പത്തികവിദഗ്‌ധൻ പ്രൊഫ. പുല്ലപ്ര ബാലകൃഷ്‌ണൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ സാമ്പത്തികവിഭാഗം പ്രൊഫസറായിരുന്ന സി ടി കുര്യൻ,  ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ്‌ സ്റ്റഡീസിന്റെ ഡയറക്ടറും തുടർന്ന്‌ ബോർഡ്‌ ചെയർപേഴ്‌സണുമായിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡ്‌ ഉപദേശകസമിതിയിലും ഇന്ത്യൻ ആസൂത്രണ കമീഷൻ ധനശാസ്‌ത്രജ്ഞരുടെ പാനലിലും റിസർവ്‌ ബാങ്ക്‌ രൂപീകരിച്ച പാനലിലും അംഗമായിരുന്നു. സാമ്പത്തികശാസ്‌ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളും രചിച്ചു. പത്തനംതിട്ട ഇലവുംതിട്ട നല്ലാനിക്കുന്ന്‌ വടക്കുംകര പുത്തൻപുരയിൽ പരേതരായ റവ. വി ടി കുര്യന്റെയും അന്നമ്മ കുര്യന്റെയും മകനാണ്. ഭാര്യ: സൂസി കുര്യൻ. മക്കൾ: പ്രേമ കുര്യൻ (യുഎസ്എ), പ്രിയ കുര്യൻ (യുകെ). മരുമക്കൾ: പ്രൊഫ. കോഫി ബെനിഫോ (യുഎസ്എ), വാസ് റഹ്മാൻ (യുകെ). Read on deshabhimani.com

Related News